കരുനാഗപ്പള്ളി : പാവുമ്പ മണലിക്കൽ പുഞ്ചയിലെ അനധികൃത ചെളി ഖനനകേന്ദ്രത്തിൽനിന്ന് 1400 ലോഡ് ചെളിയും വാഹനവും പിടിച്ചെടുത്തു. റവന്യു–– ജിയോളജി വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. പുഞ്ചയ്ക്കു സമീപം പാവുമ്പയിലെ പല ഇഷ്ടികച്ചൂളകളിലേക്കും ഇവിടെനിന്നു ചെളി ഖനനം ചെയ്യുന്നുണ്ട്. ഖനനം ചെയ്തെടുത്ത ചെളി വിവിധ സ്ഥലങ്ങളിലായാണ് കൂട്ടിയിട്ടിരിക്കുന്നത്.
കണ്ടുകെട്ടിയ ചെളിക്ക് പിഴ ഈടാക്കുന്നതിനുള്ള നടപടികൾ ജിയോളജി വകുപ്പ് തുടങ്ങിയിട്ടുണ്ട്. മുമ്പും ഇവിടെനിന്ന് വൻതോതിൽ ചെളി പിടിച്ചെടുത്തിരുന്നു. രണ്ടുവർഷം മുമ്പ് നടത്തിയ പരിശോധനയിൽ കണ്ടെടുത്ത ചെളിക്ക് 23.33 ലക്ഷം രൂപയായിരുന്നു പിഴ ഈടാക്കിയിരുന്നത്. ഇപ്പോൾ കണ്ടെടുത്ത ചെളിക്ക് അതിൽ കൂടുതൽ തുക പിഴയായി ഈടാക്കേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു. ഇഷ്ടികച്ചൂളയിലേക്ക് മണ്ണുകൊണ്ടുവരുന്നതിനുള്ള പാസ് ഉപയോഗപ്പെടുത്തിയാണ് പലരും മണലിക്കൽ പുഞ്ചയിൽനിന്നു ചെളി കടത്തുന്നത്.