ദോഹ: ആദ്യ റൗണ്ടിലെ മിന്നും വിജയത്തിൻറെ തിളക്കം മായുംമുമ്പേ സൂപ്പർ താരം ആൻഡി മറെക്ക് ദോഹയിൽ നിന്നും മടക്കടിക്കറ്റും. ഖത്തർ എക്സോൺ ഓപൺ ടെന്നിസ് ചാമ്പ്യൻഷിപ്പിൻറെ രണ്ടാം റൗണ്ടിൽ സ്പാനിഷ് താരം റോബർടോ ബൗറ്റിസ്റ്റക്ക് മുന്നിൽ നേരിട്ടുള്ള സെറ്റുകളിൽ കീഴടങ്ങിയായിരുന്നു ബ്രിട്ടീഷ് താരത്തിൻറെ മടക്കം. സ്കോർ 6-0, 6-1.
ചൊവ്വാഴ്ച ജപ്പാൻറെ ടാരോ ഡാനിയേലിനെ വീഴ്ത്തിയ മറെക്ക്, സ്പാനിഷ് എതിരാളിക്ക് മുന്നിൽ ഒരു പോയൻറ് മാത്രമേ സ്വന്തമാക്കാനായുള്ളൂ. ഏകപക്ഷീയമായി മാറിയ കളിയിൽ മുൻഗ്രാൻഡ്സ്ലാം ചാമ്പ്യൻ ഏറെ നിരാശപ്പെടുത്തി.
മൂന്നുവർഷം മുമ്പ് ആസ്ട്രേലിയൻ ഓപണിലായിരുന്നു മറെയും -ബൗറ്റിസ്റ്റക്കും അവസാനമായി ഏറ്റുമുട്ടിയത്.
അന്ന് അഞ്ചു സെറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ബൗറ്റിസ്റ്റ മറെയെ വീഴ്ത്തിയത്. പക്ഷേ, ആ മാരത്തൺ ദൗത്യമൊന്നും ദോഹയിൽ വേണ്ടിവന്നില്ല. ഒരു മണിക്കൂർ കൊണ്ടുതന്നെ കളി അവസാനിച്ച്, ക്വാർട്ടറിൽ പ്രവേശിച്ചു.
ബുധനാഴ്ചയിലെ മറ്റൊരു മത്സരത്തിൽ നാലാം സീഡുകാരൻ മരിൻ സിലിച്ച് ക്വാർട്ടറിൽ കടന്നു. നെതർലൻഡ്സിൻറെ വാൻ ഡെ സാൻചപിനെ 6-3, 7-5 സ്കോറിന് തോൽപിച്ചായിരുന്നു മുന്നേറ്റം.