കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ നടന്ന ബോംബാക്രമണ കേസിലെ പ്രതികൾക്ക് സ്ഫോടക വസ്തു നൽകിയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ സ്വദേശിയായ ഇയാൾ ഉടൻ കസ്റ്റഡിയിലാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ അറസ്റ്റിലായ സനാദിന് വടിവാൾ നൽകിയ കടമ്പൂർ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയിട്ടുണ്ട്.
ബോംബ് നിർമിക്കാനുള്ള സ്ഫോടക വസ്തുക്കൾ പ്രതികൾക്ക് എവിടുന്ന് കിട്ടിയെന്ന അന്വേഷണത്തിലാണ് കണ്ണൂർ സ്വദേശിയിലേക്ക് പൊലീസ് എത്തിയത്. നേരത്തെ പടക്ക കട നടത്തിയ ഇയാൾ വീട്ടിൽ സൂക്ഷിച്ച സ്ഫോടക വസ്തുക്കളാണ് മിഥുനും സംഘത്തിനും കൈമാറിയത്. ഇത് ഉപയോഗിച്ചാണ് ബോംബ് നിർമ്മിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. ഇയാളെ വൈകാതെ അറസ്റ്റ് ചെയ്യും. താഴെ ചൊവ്വയിൽ നിന്ന് പ്രതികൾ പടക്കം വാങ്ങിയെങ്കിലും അത് സ്ഫോടനത്തിൽ ഉപയോഗിച്ചിട്ടില്ല. ഇത് കല്യാണവീട്ടിൽ പൊട്ടിച്ചിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.