ദോഹ: ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കുനീക്കത്തിൽ വലിയ പങ്കുവഹിച്ച് ഖത്തർ എയർവേസ് കാർഗോ വിഭാഗം. കഴിഞ്ഞ ഒരുവർഷത്തിനിടെ കാർഗോ വിഭാഗത്തിന് 50,000ലേറെ ഓൺലൈൻ ബുക്കിങ് ലഭിച്ചതായി അധികൃതർ അറിയിച്ചു. ൈഫ്രറ്റോസ് അവതരിപ്പിക്കുന്ന തേർഡ് പാർട്ടി ഇ–ബുക്കിങ് സംവിധാനമായ വെബ്കാർഗോ വഴിയാണ് ബുക്കിങ് ലഭിച്ചിരിക്കുന്നത്.
ഒരു വർഷം മുമ്പാണ് ൈഫ്രറ്റോസിൻറെ വെബ്കാർഗോ വഴിയുള്ള ഇ–ബുക്കിങ് ഖത്തർ എയർവേയ്സ് കാർഗോ ആരംഭിച്ചത്. ഇതുവരെയായി 50,000ലധികം ബുക്കിങ്ങുകൾ ലഭിച്ചതായും ഖത്തർ എയർവേസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 2021 ഫെബ്രുവരിയിലാണ് തേർഡ് പാർട്ടി വെബ് പോർട്ടലായ വെബ്കാർഗോ വഴിയുള്ള ബുക്കിങ്ങിന് തുടക്കംകുറിച്ചത്.
ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏതാനും രാജ്യങ്ങളിൽ മാത്രമായിരുന്നു വെബ്കാർഗോ വഴിയുള്ള ഇ–ബുക്കിങ് നടപ്പിലാക്കിയിരുന്നത്. പിന്നീട് ജൂണിൽ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലും ജൂലൈയിൽ അമേരിക്കയിലും നടപ്പിലാക്കിയ ഇ–ബുക്കിങ് സംവിധാനം ആഗസ്റ്റിൽ എല്ലാ രാജ്യത്തേക്കും വ്യാപിപ്പിച്ചു.