ന്യൂഡല്‍ഹി: യുക്രെയ്നിലേക്കുള്ള വിമാനനിയന്ത്രണം നീക്കി വ്യോമയാന മന്ത്രാലയം. വിമാനങ്ങളുടെ എണ്ണത്തിലും സീറ്റുകളിലുമുള്ള നിയന്ത്രണമാണ് നീക്കിയത്. യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികളേയും പ്രൊഫഷണലുകളേയും വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനാണ് ഇളവ് നൽകിയത്. റഷ്യയുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് യുക്രൈന് വിടാന്‍ ഇന്ത്യക്കാരോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എയര്‍ ബബിള്‍ ക്രമീകരണം അനുസരിച്ച് ഇന്ത്യയ്ക്കും യുക്രൈനും ഇടയില്‍ വിമാന സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ സീറ്റുകളുടെയും വിമാനങ്ങളുടെയും എണ്ണം നിയന്ത്രിച്ച് കൊണ്ടാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ വിമാന സര്‍വീസുകള്‍ അനുവദിച്ചിരുന്നത്. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ഈ നിയന്ത്രണങ്ങളാണ് നീക്കിയത്. ഇതോടെ എത്ര വിമാന സര്‍വീസുകള്‍ വേണമെങ്കിലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടത്താം. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഉള്‍പ്പെടെയാണിത്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ചാണ് കൂടുതല്‍ സര്‍വീസുകള്‍ അനുവദിച്ചത്. വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന കാര്യം ആലോചിച്ച് വരികയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.