കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ പൂർണതോതിൽ ഓഫ്ലൈൻ ക്ലാസുകൾ പുനരാരംഭിക്കാൻ അനുമതി. രണ്ടാം സെമസ്റ്റർ മുതൽ പൂർണതോതിൽ അധ്യയനം ആരംഭിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിൻറെ പദ്ധതി. ഇന്ത്യൻ വിദ്യാലയങ്ങൾ ഏപ്രിൽ ഒന്നിന് പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കും.
ആരോഗ്യ മന്ത്രാലയത്തിൻെറ അനുമതി ലഭിച്ച പശ്ചാത്തലത്തിൽ രണ്ടാം സെമസ്റ്ററിൻെറ ആരംഭത്തോടെ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതിനായുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം. നിലവിലെ തടസ്സങ്ങൾ പരിഹരിക്കാനാണ് മുൻഗണന. വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫിൻെറ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്.
സ്കൂളുകൾ പൂർണാർഥത്തിൽ തുറക്കാനുള്ള നടപടിക്രമങ്ങളും പ്രധാനപ്പെട്ട തടസ്സങ്ങളും യോഗം അവലോകനം ചെയ്യും. വിദ്യാർഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് പഠനമാരംഭിക്കാനാണ് ആലോചിക്കുന്നത്. ഫർണിച്ചറുകളുടെ കുറവ്, ക്ലസ്മുറികളുടെയും എയർ കണ്ടീഷണറുകളുടെയും അറ്റകുറ്റപ്പണികൾ എന്നിവ ഇതിനകം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കുള്ള ഗതാഗത സൗകര്യങ്ങളും ഉച്ചഭക്ഷണവും സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തിൽ ടെൻഡർ ലഭിച്ചെങ്കിലും കരാറുകളിൽ ഒപ്പുവെച്ചിട്ടില്ലെന്നാണ് വിവരം. പുസ്തകങ്ങൾ വിതരണം ചെയ്യാനുള്ള നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു. രാജ്യത്തെ ഇന്ത്യൻ വിദ്യാലയങ്ങൾ ഏപ്രിൽ ഒന്നുമുതൽ പൂർണ തോതിൽ പ്രവർത്തിക്കുമെന്നാണ് വിവരം.