കൊച്ചി: കൊച്ചി മെട്രോ പാളത്തിൽ നേരിയ അകൽച്ച കണ്ടെത്തി. വൈഡക്ടിനും പാളത്തിനും ഇടയിലാണ് അകൽച്ച കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് നടത്തിയ പതിവ് പരിശോധനക്കിടെയായിരുന്നു അകൽച്ച കണ്ടെത്തിയതെന്ന് മെട്രോ അധികൃതർ അറിയിച്ചു.
ഇടപ്പള്ളിക്ക് സമീപം പത്തടിപ്പാലത്ത് 347ാം നമ്പർ തൂണിന് മുകളിലായാണ് പ്രശ്നം കണ്ടെത്തിയത്. ഇവിടെ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 20 കിലോ മീറ്ററായി കുറച്ചു. നേരത്തെ കോവിഡ് നിബന്ധനകളിൽ ഇളവുകൾ വന്നതിനെ തുടർന്ന് കൊച്ചി മെട്രോ ട്രെയിനുകൾക്കിടയിലെ സമയദൈർഘ്യം കുറച്ചിരുന്നു.
തിങ്കൾ മുതൽ ശനിവരെ തിരക്ക് കൂടിയ സമയങ്ങളിൽ ഇനി മുതൽ ഏഴ് മിനിറ്റ് 30 സെക്കൻഡ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളിൽ ഒമ്പത് മിനിറ്റ് ഇടവിട്ടും ട്രെയിൻ സർവീസുണ്ടാകും.