ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസറിനെ കണിച്ചുകുളങ്ങരയിൽ ചേർന്ന ജില്ലാസമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് നാസറിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2018 ജൂൺ 15ന് ചേർന്ന സിപിഐഎം ജില്ലാകമ്മിറ്റിയാണ് ആദ്യം സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങി തൊഴിലാളിവർഗ പോരാട്ടങ്ങളിൽ നിറസാന്നിധ്യമായി മാറിയ നാസർ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയപാരമ്പര്യത്തിനുടമയാണ്. 1978ൽ സിപിഐഎം അംഗമായി. വിദ്യാർഥിയായിരിക്കുമ്പോൾ മുതൽ പൊതുരംഗത്ത് സജീവമാണ് അദ്ദേഹം.
കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാംവാർഡിൽ ഐശ്വര്യയിൽ പരേതരായ പി കെ രാഘവൻ (റിട്ട. സബ് രജിസ്ട്രാർ), എ കെ വസുമതി ദമ്പതികളുടെ മകനായി 1957 നവംബർ 30 നാണ് ജനനം. കൊല്ലം ജില്ലയിലെ ക്ലാപ്പന എസ്വിഎച്ച്എസിലായിരുന്നു പത്താം ക്ലാസുവരെ പഠനം.
ചേർത്തല എസ്എൻ കോളേജിൽ പ്രീഡിഗ്രി വിദ്യാർഥിയായ അദ്ദേഹം അവിടെനിന്നുതന്നെ മലയാളത്തിൽ ബിരുദം നേടി. കേരള സർവകലാശാലാ യൂണിയൻ കൗൺസിലറായും സെനറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.1980 മുതൽ 84 വരെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായി. 1986ൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും.
എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രവർത്തിക്കവേ പോലീസ് മർദനവും ജയിൽവാസവും അനുഭവിച്ചു. 1991ൽ കായംകുളത്തു ചേർന്ന സിപിഐഎം ജില്ലാസമ്മേളനം ജില്ലാകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. കഞ്ഞിക്കുഴി ഡിവിഷനിൽ നിന്ന് ആദ്യ ജില്ലാ കൗൺസിലിൽ അംഗമായി.
2000 മുതൽ 2010 വരെ രണ്ടുതവണ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തി. സിഐടിയു ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. കയർ കോർപറേഷൻ ചെയർമാൻ പദവിയും വഹിച്ചു. നിലവിൽ സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗവും എൽഡിഎഫ് ആലപ്പുഴ ജില്ലാ കൺവീനറുമാണ്.