അന്തരിച്ച നടൻ കോട്ടയം പ്രദീപിന് അനുശോചനം അറിയിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. രണ്ട് ദിവസം മുമ്പ് ‘ആറാട്ടി’ൻ്റെ റിലീസ് വിശേഷങ്ങൾ വിളിച്ച് ചോദിച്ചിരുന്നുവെന്നും അദ്ദേഹത്തിൻ്റെ വിയോഗം വിശ്വസിക്കാനാകുന്നിലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ‘നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ടി’ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘‘പ്രദീപിൻ്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പും, ‘ആറാട്ടി’ൻ്റെ റിലിസ് വിശേഷങ്ങൾ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനൽ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത് അതീവ ദുഖകരമായ ആ വാർത്തയാണ്. ‘നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ടി’ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. സിനിമയിൽ, പ്രദീപിൻ്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, ‘കഴിവുള്ള കലാകാരനായിരുന്നു’യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. ‘ആറാട്ടി’ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എൻ്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ’’- ബി ഉണ്ണികൃഷ്ണൻ കുറിച്ചു.
ഇന്നു പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് കോട്ടയം പ്രദീപ് അന്തരിച്ചത്. 61 വയസ്സായിരുന്നു. മൂന്ന് മണിയോടെ ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ടായി ചലച്ചിത്രമേഖലയില്‍ സജീവമായിരുന്ന കോട്ടയം പ്രദീപ് എഴുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. 2001 ല്‍ പുറത്തിറങ്ങിയ ‘ഈനാട് ഇന്നലെ വരെ’ എന്ന സിനിമയാണ് ആദ്യ സിനിമ. അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രമാണ് ‘ആറാട്ട്’.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FDirector.Unnikrishnan.B%2Fposts%2F496316395186051&show_text=true&width=500