പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ അഭാവമാണെന്ന പരാതിക്ക് പരിഹാരമാവുന്നു. സർക്കാർ ഏറ്റെടുത്തശേഷം ഇതാദ്യമായി മെഡിക്കൽ കോളജിൽ 20 പുതിയ ഡോക്ടർമാർ ചുമതലയേറ്റെടുത്തു.
പ്രിൻസിപ്പലിന് പുറമെയാണ് മറ്റ് മെഡിക്കൽ കോളജുകളിൽ നിന്ന് ട്രാൻസ്ഫറായും പി.എസ്.സി വഴി നിയമിതരായും വിവിധ വിഭാഗങ്ങളിൽ ഇത്രയധികം ഡോക്ടർമാർ ഒരുമിച്ച് പരിയാരത്തെത്തിയത്. ആരോഗ്യ മന്ത്രി മെഡിക്കൽ കോളജ് സന്ദർശിച്ച ശേഷമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്, വിവിധ സർക്കാർ മെഡിക്കൽ കോളജുകളിൽ സേവനമനുഷ്ഠിച്ച വ്യത്യസ്ത വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടർമാരെ പരിയാരത്ത് ജോലി ചെയ്യാൻ ചുമതലപ്പെടുത്തിയത്. സർക്കാർ ഏറ്റെടുക്കുന്ന ഘട്ടത്തിൽ മെഡിക്കൽ കോളജിൽ ഉണ്ടായിരുന്ന ഡോക്ടർമാർക്ക് പുറമെയാണിത്.
ഇതുപ്രകാരം, പ്രഫസർ തസ്തികയിൽ ഡോ. അലക്സ് ഉമ്മൻ (ജനറൽ സർജറി), ഡോ. അരവിന്ദ് എസ്. ആനന്ദ് (റേഡിയോതെറപ്പി), ഡോ. വി. ലത (പാത്തോളജി) എന്നിവരാണ് ചുമതലയേറ്റത്. ജനറൽ സർജറി വിഭാഗത്തിൽ ഡോ. ഇ.പി. ഉണ്ണികൃഷ്ണൻ, ഡോ. ഷാരുൺ അബി കുര്യൻ, ഡോ. എം.കെ. സുബൈർ, ഡോ. കെ. അതീഷ് എന്നിവർ അസി. പ്രഫസർ തസ്തികയിലും നിയമിതരായി.