വിശാഖപട്ടണം: ഓഫ് ലൈൻ ക്ലാസിൽ പങ്കെടുക്കാൻ മാതാപിതാക്കൾ നിർബന്ധിച്ചതിനെ തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി. ആന്ധ്രാപ്രദേശ് വിസിയാനഗരത്തിലെ നെല്ലിമർല സ്വദേശിനയായ 16കാരി മനീഷ അഞ്ജുവാണ് ഹോസ്റ്റൽ മുറിയിലാണ് ജീവനൊടുക്കിയത്.
ശ്രീകാകുളത്തെ രാജീവ് ഗാന്ധി സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് മനീഷ. ഈ അധ്യയനവര്‍ഷത്തിൻ്റെ തുടക്കംമുതല്‍ ഓണ്‍ലൈന്‍ ക്ലാസ് വഴിയായിരുന്നു പഠനം. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഓഫ്ലൈന് ക്ലാസോ ഓണ്‍ലൈന്‍ ക്ലാസോ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന് നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസ് തുടരാനായിരുന്നു മനീഷയുടെ ആഗ്രഹം.
എന്നാല്‍ വീട്ടുകാര്‍ കോളജില്‍ നേരിട്ട് പോയി പഠിക്കാന്‍ നിര്‍ബന്ധിച്ചു. ഇതിൻ്റെ തുടര്‍ച്ചയായി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ സര്‍വകലാശാല ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കി. ഇതിൻ്റെ ദേഷ്യത്തില്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞു നശിപ്പിച്ചു. അടുത്തദിവസം മാതാപിതാക്കള്‍ പുതിയ ഫോണ്‍ വാങ്ങി നല്കി. ബുധനാഴ്ച മനീഷയുടെ ഹോസ്റ്റല്‍ മുറി അടഞ്ഞുകിടക്കുന്നത് കണ്ട് മറ്റു സഹപാഠികള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്തുകയറി നോക്കുമ്പോള്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.