അട്ടപ്പാടി മധു വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കി. പാലക്കാടു നിന്നുള്ള രാജേഷ് എം മേനോൻ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറാണ്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്. 18നാണ് മണ്ണാർക്കാട് എസ്.സി, എസ്.ടി കോടതി കേസ് പരിഗണിക്കുക.
അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ കേസിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിയമ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. പബ്ലിക്ക് പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാൽ കോടതിയിൽ വിചാരണ നീണ്ടു പോകുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നിയമ വകുപ്പ് സെക്രട്ടറിയെ സമീപിച്ചത്.