തിരുവനന്തപുരം;സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ മുഴുവൻ സമയ പ്രവർത്തനത്തിലേക്ക് മാറുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗം ഇന്ന്. വൈകീട്ട് നാലു മണിക്ക് ഓൺലൈൻ ആയാണ് യോഗം. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസർമാർ തുടങ്ങിയവരും പങ്കെടുക്കും.
സ്കൂൾ പൂർണ സമയ പ്രവർത്തനത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ചയാകും. സ്കൂളുകൾ ശൂചീകരിക്കുന്നതും വിദ്യാർത്ഥികളുടെ യാത്രാ സൗകര്യവും യോഗം ചർച്ച ചെയ്യും. ആവശ്യമെങ്കിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ സ്കൂളുകളിലേക്ക് വിന്യസിക്കും.
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സ്കൂൾ പഠനം സജീവമാക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഈമാസം 21 മുതൽ തന്നെ ക്ലാസുകൾ എല്ലാ വിദ്യാർഥികളെയും ഒരുമിച്ചിരുത്തി വൈകിട്ടുവരെയാക്കും. 28 മുതൽ ക്ലാസുകൾ വൈകിട്ടു വരെയാക്കാനായിരുന്നു കോവിഡ് അവലോകന യോഗത്തിലെ തീരുമാനമെങ്കിലും ഒരാഴ്ച മുൻപു തന്നെ ഈ മാറ്റം നടപ്പാക്കുകയാണ്.