അമല പോള്‍ കേന്ദ്ര കഥാപാത്രമായി വരുന്ന ‘ടീച്ചര്‍’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് കൊല്ലത്ത് ആരംഭിച്ചു. ‘അതിരന്’ എന്ന സിനിമയ്ക്ക് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടീച്ചര്‍’. പി വി ഷാജികുമാറും വിവേകുമാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു മൂത്തേടത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്, പ്രശാന്ത് മുരളി, അനുമോള്‍, മഞ്ജുപിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
കൊല്ലമാണ് അമലാ പോള്‍ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. വരുണ്‍ ത്രിപുരനേനിയും അഭിഷേകുമാണ് ചിത്രം നിര്‍മിക്കുന്നത്. വിടിവി ഫിലിംസിൻ്റെ ബാനറിലാണ് നിര്‍മാണം. വിനോദ് ആണ് ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കണ്ട്രോളര്. ചിത്രത്തിൻ്റെ പ്രമേയമടക്കമുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അമലാ പോള്‍ ചിത്രം ‘ടീച്ചറു’ടെ കഥ സംവിധായകൻ വിവേകിന്റേതാണ്.
ഫഹദിൻ്റെ വേറിട്ട കഥാപാത്രത്താല്‍ ശ്രദ്ധേയമായ ‘അതിരനി’ലൂടെ വരവറിയിച്ച സംവിധായകനാണ് വിവേക്. പി എഫ് മാത്യൂസിൻ്റെ തിരക്കഥയിലായിരുന്നു വിവേകിൻ്റെ ആദ്യ ചലച്ചിത്രസംരഭം. വീണ്ടും ഒരു ചിത്രവുമായി എത്തുമ്പോള്‍ യുവകഥാകൃത്ത് പി വി ഷാജികുമാറാണ് വിവേകിനൊപ്പം തിരക്കഥയില്‍ കൂട്ട്. ‘കന്യകാ ടാക്കീസ്’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി ശ്രദ്ധേയനായ പി വി ഷാജികുമാര്‍ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ‘ടേക്ക് ഓഫിടൻ്റെ രചനയിലും പങ്കാളിയായിയിരുന്നു.
അമലാ പോളിന്റേതായി ഒരു മലയാള ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 2017ലാണ്. ‘അച്ചായൻസ്’ എന്ന ചിത്രത്തിലാണ് അമലാ പോള്‍ നായികയായത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രം ‘ആടുജീവിത’ത്തില്‍ അമലാ പോള്‍ പ്രധാന കഥാപാത്രമായുണ്ട്. അടുത്തിടെ അമലാ പോളിൻ്റെ ഒരു വെബ് സീരിസ് സ്ട്രീം ചെയ്തിരുന്നു.
‘രഞ്ജിഷ് ഹി സഹി’ എന്ന വെബ് സീരീസ് ഹിന്ദിയിലായിരുന്നു എത്തിയത്. എഴുപതുകളിലെ ബോളിവുഡ് പശ്ചാത്തലമായിട്ടാണ് സീരിസിൻ്റെ കഥ പറയുന്നത്. പുഷ്പദീപ് ഭരദ്വാദാണ് സീരീസിൻ്റെ സംവിധാനം. അമലാ പോള്‍ നായികയാകുന്ന ചിത്രം ‘കാടവെര്‍’ ഇനി പ്രദര്‍ശനത്തിന് എത്താനുണ്ട്. ഫോറൻസിക് ത്രില്ലര്‍ ആയിട്ടാണ് ചിത്രം എത്തുന്നത്.