ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ശ്രദ്ധേയ ചിത്രമാണ് ‘ജോജി’. കഴിഞ്ഞ വർഷം ആദ്യം ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. ശ്യാം പുഷ്ക്കരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.
മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ‘ജോജി’ സിനിമയെ അതേപടി കോപ്പിയടിച്ച് സിംഹള ഭാഷയിൽ ടെലി സീരിയലാക്കിയിരിക്കുകയാണ്.
ഒരു സ്വകാര്യ ചാനലാണ് ഈ ടെലി സീരിയൽ നിർമിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും. ‘ബേണിങ് പീപ്പിൾ’ എന്നാണ് ഈ ടെലി സീരിയലിൻ്റെ പേര്. സീനുകൾ പോലും ജോജിയിൽ നിന്ന് അതേപടി കോപ്പിയടിച്ചാണ് ചെയ്തിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നു തന്നെ വ്യക്തം.
ചിത്രത്തിലെ പ്രധാന രംഗങ്ങളെല്ലാം ട്രെയിലറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഈ ടെലി സീരിയലിനെതിരെ പകർപ്പവകാശ ലംഘനത്തിനു നിയമ നടപടിയുമായി നിർമാതാക്കൾ മുന്നോട്ടു പോകുമോ എന്നതു സംബന്ധിച്ച് ഇപ്പോൾ വ്യക്തത വന്നിട്ടില്ല.