ന്യൂഡല്‍ഹി: റഷ്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന യൂറോപ്യന്‍ രാജ്യമായ യുക്രൈനില്‍നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് വ്യക്തമാക്കി.
റഷ്യയും നാറ്റോ രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചതോടെ രാജ്യം വിടാൻ ഇന്ത്യൻ വിദ്യാർഥികൾക്ക് ചൊവ്വാഴ്ച നയതന്ത്രകാര്യാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ ആവശ്യത്തിന് വിമാനസർവീസില്ലെന്ന പരാതിയുമായി നിരവധി ഫോണ്‍ സന്ദേശങ്ങൾ ലഭിക്കുന്നതായും എംബസി വ്യക്തമാക്കി.
ഇതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാർഥികൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് നയതന്ത്രകാര്യാലയം അറിയച്ചത്. എന്നാൽ എന്നാൽ ലഭ്യമാകുന്ന ആദ്യ വിമാനത്തിന് നാട്ടിലേയ്ക്ക് മടങ്ങാൻ ശ്രമിക്കണമെന്നും എംബസി നിർദേശിച്ചു.
നിലവിൽ യുക്രെയ്ൻ ഇന്റർനാഷണൽ എയർലൈൻസ്, എയർ അറേബ്യ, ഫ്ലൈ ദുബായ്, ഖത്തർ എയർവേയ്സ് എന്നിവ സർവീസ് നടത്തുന്നുണ്ട്. അധിക ആവശ്യം നിറവേറ്റുന്നതിനായി, സമീപഭാവിയിൽ കൂടുതൽ വിമാന സർവീസ് ഏർപ്പെടുത്തും. ഇതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാവുമ്പോൾ വിശദാംശങ്ങൾ അറിയിക്കുമെന്നും എംബസി ട്വീറ്റ് ചെയ്തു.
എംബസിയുടെ ഔദ്യോഗിക ട്വിറ്റർ, ഫേസ്ബുക്ക് പേജുകൾ കൃത്യമായി നിരീക്ഷിക്കണം. എംബസിയുടെ പ്രവർത്തനം സാധാരണ നിലയിൽ നടക്കും. വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലാകാതിരിക്കാൻ യുക്രെയ്ൻ അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്നും എംബസി അറിയിച്ചു.
സംഘര്‍ഷത്തില്‍ അയവു വന്നെങ്കിലും ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകാനാണ് വിദേശ മന്ത്രാലയത്തിന്റെ തീരുമാനം. യുക്രൈനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഷാര്‍ജ, ദുബായ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് കണക്ഷന് സര്‍വീസുമുണ്ടാകും. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയവുമായും വിമാന കമ്പനികളുമായും വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി. കീവിലെ ഇന്ത്യന്‍ എംബസിയില്‍ കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്.
താത്പര്യമുള്ള എല്ലാവരേയും മടക്കി കൊണ്ടുവരും. നിരവധി പേര് എംബസിയിലും വിദേശകാര്യ മന്ത്രാലയത്തിലും ബന്ധപ്പെടുകയാണ്. ഇതിനെ തുടര്‍ന്നാണ് യുക്രൈന് വിഷയം കൈകാര്യം ചെയ്യാനും പൗരന്മാരുടെ ആശങ്കയകറ്റാനും കണ്ട്രോള് റൂം ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി മുരളീധരന് കൂട്ടിച്ചേര്‍ത്തു.
എംബസിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മുന്‍ഗണനാ ക്രമത്തില്‍ തിരികെ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഒഴിപ്പിക്കലിന്റെ വിശദമായ ഷെഡ്യൂള്‍ വൈകാതെ മന്ത്രാലയം പുറത്തുവിടും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും യുക്രൈനിലെ ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.