കർണാടകയിൽ ഹിജാബ്/ബുർഖ ധരിച്ച് കാമ്പസുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ വിലക്കിയത് രാജ്യത്തെ ഏറ്റവും ചൂടേറിയ വാർത്തയാണ്. ഏറെ പ്രതിഷേധങ്ങൾ ഉയർന്ന സംഭവം ഇപ്പോൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാൽ വിഷയം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
ഫെബ്രുവരി 12 ന്, പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ സുതി പ്രദേശത്തെ ഒരു സ്കൂൾ വിദ്യാർത്ഥികളോട് ഹിജാബ് / ബുർഖ ധരിച്ച് സ്കൂളിൽ വരരുതെന്ന് പ്രധാനാധ്യാപകൻ ആവശ്യപ്പെടുകയുണ്ടായി. ഏറെ വിവേചനപരമായ ഈ നയത്തിനെതിരെ ബംഗാളിലും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. എന്നാൽ സംഭവത്തിൽ തെറ്റായ ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി.
ബിജെപി പശ്ചിമ ബംഗാൾ എംഎൽഎ സുകാന്ത മജുംദാർ, ബിജെപി ഡൽഹി വൈസ് പ്രസിഡന്റ് സുനിൽ യാദവ്, ബിജെപി യുപി വക്താവ് പ്രശാന്ത് പട്ടേൽ ഉംറാവു എന്നിവരാണ് തെറ്റായ അവകാശവാദവുമായി രംഗത്തെത്തിയത്. ഹിജാബ് നിഷേധിച്ചതിൽ പ്രതിഷേധിച്ച മുർഷിദാബാദിലെ പ്രതിഷേധക്കാർ സ്‌കൂളിന് നേരെ ബോംബെറിഞ്ഞെന്നും മറ്റു വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചില്ലെന്നുമാണ് ആരോപണം.
നെറ്റ്‌വർക്ക് 18 എഡിറ്റർ അമൻ ചോപ്രയും എബിപി ന്യൂസ് എഡിറ്റർ മനോഗ്യ ലോയ്‌വാളും അവകാശവാദം ഉന്നയിച്ചു.
അവകാശവാദം ഉന്നയിക്കുന്ന ഒരു ലേഖനം ബിജെപി അനുകൂല പ്രചരണ സ്ഥാപനമായ ഒപ് ഇന്ത്യ പ്രസിദ്ധീകരിച്ചു. ആകസ്മികമായി, ഇന്ത്യ ടുഡേയുടെ ഒരു റിപ്പോർട്ട് ഉദ്ധരിച്ച് OpIndia ചെയ്തിട്ടുണ്ട്, എന്നാൽ ഈ റിപ്പോർട്ടിൽ മുർഷിദാബാദിലെ പ്രതിഷേധത്തിനിടെ ബോംബ് എറിഞ്ഞതായി പറയുന്നില്ല.
ഫാക്ട് ചെക്ക്
മുര്ഷിദാബാദിൽ നിന്നുള്ള ഗ്രൗണ്ട് റിപ്പോർട്ടുകൾ ബിജെപി നേതാക്കളുടെ അവകാശവാദങ്ങൾ തള്ളുന്നതാണ്. സ്‌കൂളിന് നേരെ ബോംബ് എറിഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടോ എന്നറിയാൻ ഞങ്ങൾ ഇംഗ്ലീഷിലും ബംഗ്ലാ ഭാഷയിലും വിവിധ വാർത്താ റിപ്പോർട്ടുകൾ പരിശോധിച്ചു, പക്ഷേ ഒന്നുമില്ല. ഹിജാബ് വിഷയത്തിൽ ബോംബ് എറിഞ്ഞതു പോലുള്ള സംഭവങ്ങൾ ഉണ്ടായെങ്കിൽ അത് ദേശീയ തലത്തിൽ തന്നെ വലിയ വാർത്ത ആകുമെന്നുറപ്പാണ്.
യഥാർത്ഥ സംഭവം ഇങ്ങനെയാണെന്നാണ് ലഭിക്കുന്ന വിവരം; വെള്ളിയാഴ്ച ഹെഡ്മാസ്റ്റർ കുറച്ച് പെൺകുട്ടികളോട് ഹിജാബ് / ബുർഖ ധരിക്കരുതെന്ന് ആവശ്യപ്പെട്ടു, അടുത്ത ദിവസം വിദ്യാർത്ഥികളുടെ രക്ഷാധികാരികൾ ഉൾപ്പെടെയുള്ള നാട്ടുകാർ സ്കൂളിന് ചുറ്റും തടിച്ചുകൂടി. ആളുകൾ കൂടിയതോടെ താമസിയാതെ സ്ഥിതി രൂക്ഷമാവുകയും ആളുകൾ കല്ലെറിയാനും മറ്റും തുടങ്ങി. പോലീസ് സ്ഥലത്തെത്തിയ ശേഷം, പ്രധാനാധ്യാപകനെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധക്കാർ പോലീസുകാർക്ക് നേരെ കല്ലെറിയാൻ തുടങ്ങി. നേരിയ ലാത്തി ചാർജും കണ്ണീർ വാതകവും ഉപയോഗിച്ചാണ് പോലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ 17-18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബോംബ് എറിഞ്ഞുവെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് സർക്കാർ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂളിന് നേരെ കല്ലുകൾ/ഇഷ്ടികകൾ എറിഞ്ഞെങ്കിലും ബോംബുകളൊന്നും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും പ്രധാനാധ്യാപകൻ സ്വമേധയാ നടപടിയെടുത്തെന്നും ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു. പ്രധാനാധ്യാപകന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഉന്നത ഭരണസമിതിക്ക് റിപ്പോർട്ട് അയക്കും.
ചുരുക്കത്തിൽ, ബിജെപി നേതാക്കൾ ആരോപിച്ചത് പോലെ ഹിജാബ് വിഷയത്തിൽ മുർഷിദാബാദിലെ സ്‌കൂളിന് നേരെ ബോംബേറ് ഉണ്ടായിട്ടില്ല.