ദോഹ: അൽ ദആയിൻ നഗരസഭ പരിധിയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള കാമ്പയിന് സംയുക്ത സമിതി തുടക്കംകുറിച്ചു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കാമ്പയിനിൽ ഇതുവരെയായി 100 വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിൻറെ ഭാഗമായി ഉടമസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും വാഹനത്തിൽ സ്റ്റിക്കർ പതിച്ച് മൂന്ന് ദിവസത്തിനകം ഉടമസ്ഥർ എടുത്തുമാറ്റണമെന്നും ദോഹ മുനിസിപ്പാലിറ്റി ജനറൽ കൺേട്രാൾ ഡിപ്പാർട്ട്മെൻറ് മേധാവിയും വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംയുക്ത സമിതി അംഗവുമായ ഹമദ് സുൽതാൻ അൽ ശഹ്വാനി പറഞ്ഞു.
ദആയിൻ നഗരസഭ പരിധിയിൽ ഇതുവരെയായി 100 വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി അടയാളപ്പെടുത്തിയതായും ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് ഉടൻ തന്നെ അവ നീക്കം ചെയ്യുമെന്നും ഹമദ് അൽ ശഹ്വാനി കൂട്ടിച്ചേർത്തു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കാമ്പയിൻറെ ഭാഗമായുള്ള പരിശോധനയിൽ കൂടുതൽ വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊതുശുചിത്വം സംബന്ധിച്ച 2017ലെ 18ാം നമ്പർ നിയമമനുസരിച്ച് നിയമനടപടികൾ നേരിടുന്നത് ഒഴിവാക്കുന്നതിന് ജനങ്ങൾ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.