ദുബായ്: ഇന്ത്യയിൽ നിന്ന് മുട്ടയും മറ്റ് പോൾട്രി ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് യുഎഇ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. 5 വർഷത്തിനു ശേഷമാണ് നിരോധനം പിൻവലിക്കുന്നത്. പക്ഷിപ്പനി പകരുന്നത് തടയാൻ വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാമെന്ന് ഇന്ത്യ ഉറപ്പു നൽകിയതിനെ തുടർന്നാണ് നടപടി എന്നറിയുന്നു.
5 ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ നിന്ന് മുട്ട യുഎഇയിൽ എത്തിക്കാനാകും. മറ്റ് രാജ്യങ്ങളിൽ നിന്ന് മുട്ട എത്തിക്കാൻ 10 ദിവസത്തിൽ കൂടുതൽ വേണ്ടിവരുന്നുണ്ട്. നിരോധനം പിൻവലിച്ചതോടെ ലുലു തമിഴ്നാട്ടിൽ നിന്ന് 4 കണ്ടെയ്നർ മുട്ട യുഎഇയിൽ എത്തിച്ചതായി ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.