ജിദ്ദ: സൗദിയിൽ മൂന്നാമത് ഡിജിറ്റൽ ബാങ്കിന് അനുമതി. ഡി360 ബാങ്ക് എന്ന പേരിലുള്ള പ്രാദേശിക ഡിജിറ്റൽ ബാങ്കിനാണ് സൗദി മന്ത്രിസഭ ലൈസൻസ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭയുടെ തീരുമാനത്തിന് ധനമന്ത്രി മുഹമ്മദ് അൽജദ്ആനും സൗദി സെൻട്രൽ ബാങ്ക് ഗവർണർ ഡോ. ഫഹദ് ബിൻ അബ്ദുൽ അൽമുബാറക്കും സർക്കാറിന് നന്ദി പറഞ്ഞു.
പൊതു നിക്ഷേപ ഫണ്ടിന്റെ പങ്കാളിത്തത്തോടെ ദിറായ ഫിനാൻഷ്യൽ കമ്പനിയുടെ നേതൃത്വത്തിൽ 1.65 ശതകോടി റിയാൽ മൂലധനത്തോടെയും നിരവധി സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നിക്ഷേപത്തിലൂടെയുമാണ് പുതിയ ഡിജിറ്റൽ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്. സാമ്പത്തിക മേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ സർക്കാർ നൽകിവരുന്ന പിന്തുണയുടെ ഭാഗമായാണ് പുതിയ ബാങ്കിന് ലൈസൻസ് നൽകാനുള്ള തീരുമാനം.
പുതിയ സംഭവവികാസങ്ങൾക്ക് അനുസൃതമായി സൗദി സാമ്പത്തിക മേഖലയെ സജീവമാക്കുന്നതിന് സൗദി സെൻട്രൽ ബാങ്കിന്റെ പ്രവർത്തനം തുടരുകയാണ്. വിഷൻ 2020 പ്രോഗ്രാമുകളിലൊന്നായ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വികസിപ്പിക്കാൻ ശ്രമിക്കുന്ന സാമ്പത്തിക മേഖലാ വികസനത്തിന് അനുസൃതമായാണിത്. സ്വകാര്യ മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കാൻ ധനകാര്യ സ്ഥാപനങ്ങളെ പ്രാപ്തമാക്കുക, പുതിയ കമ്പനികൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകാനുള്ള വഴി തുറക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.