ബംഗളൂരു: കര്‍ണാടകയിലെ കോളജുകളില്‍ ആരംഭിച്ച ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ പേരും മറ്റ് വിവരങ്ങളും പരസ്യപ്പെടുത്തി കര്‍ണാടക ബിജെപി. ബിജെപി കര്‍ണാടക ഘടകം ട്വിറ്ററിലൂടെയാണ് പെണ്‍കുട്ടികളുടെ പേരും വയസും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. ഇംഗ്ലീഷിലും കന്നഡയിലും ബിജെപി ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു. പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നതോടെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.
ഹിജാബ് വിവാദത്തിൽ കോടതിയെ സമീപിച്ചിരിക്കുന്ന വിദ്യാർഥികളിൽ അഞ്ച് പേർ പ്രായപൂർത്തിയാകാത്തവരാണ്. രാഷ്ട്രീയ നിലനിൽപ്പിനായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗികാൻ സോണിയാ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും, പ്രിയങ്കാ ഗാന്ധിക്കും ലജ്ജയില്ലേ എന്നും വ്യക്തിഗത വിവരങ്ങൾക്കൊപ്പം ബിജെപി ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ഇനി എത്രത്തോളം അധപതിക്കും. ഇതാണോ കോൺഗ്രസിൻ്റെ ‘ലഡ്കി ഹൂൻ ലഡ് സക്തി ഹൂ’ എന്നും ബിജെപി ട്വീറ്റ് ചെയ്തു. ബിജെപിയുടെ ട്വീറ്റിനെതിരെ ശിവസേന എംപി പ്രിയങ്ക ചതുർവേദി രംഗത്തെത്തി.