കൊല്‍ക്കത്ത: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. കൊൽക്കത്തയിൽ രാത്രി 7.30നാണ് പരമ്പരയിലെ ആദ്യ മത്സരം. പരമ്പര തൂത്തുവാരിയാൽ ഇന്ത്യക്ക് ലോക റാങ്കിംഗില്‍ ഒന്നാമതെത്താം. മുഴുസമയ വൈറ്റ്ബാൾ ക്യാപ്റ്റനായ ആദ്യ പരമ്പരയിൽ തന്നെ നൂറുശതമാനം വിജയം പോക്കറ്റിലാക്കിയതിൻ്റെ ആവശേത്തിലാണ് രോഹിത് ശർമ.
അതുകൊണ്ടുതന്നെ ഏകദിന പരമ്പരയിലെ ആധിപത്യം ട്വന്റി20യിലും തുടരാമെന്ന ആത്മവിശ്വാസത്തിലാണ് ഇഷ്ടമൈതാനമായ ഈഡൻ ഗാർഡൻസിൽ രോഹിത് ടീമുമായി ഇറങ്ങുക. ക്രിസ് ഗെയ്ലിനെയും ആന്ദ്രെ റസലിനെയും പോലുള്ള മഹാമേരുക്കളില്ലെങ്കിലും നായകൻ കീറൺ പൊള്ളാർഡും വൈസ് ക്യാപ്റ്റൻ നികോളാസ് പുരാനും മിന്നും ഫോമിലുള്ള ജേസൺ ഹോൾഡറും വെടിക്കെട്ടുകാരായ റോവ്മൻ പവൽ, റൊമാരിയോ ഷെഫേർഡ്, ഒഡീൻ സ്മിത്ത് എന്നിവരുമൊക്കെയുള്ള വിൻഡീസിനെ എഴുതിത്തള്ളാനാവില്ല. പരിക്കേറ്റ ലോകേഷ് രാഹുലും വാഷിങ്ടൺ സുന്ദറും ഇന്ത്യൻ ടീമിലില്ല. രോഹിതിനൊപ്പം ആരാകും ഓപണർ എന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല.
ഇഷാൻ കിഷനോ ഋതുരാജ് ഗെയ്ക്വാദിനോ ആവും നറുക്കു വീഴുക. കിഷൻ ഇറങ്ങുകയാണെങ്കിൽ ഋഷഭ് പന്തിന് വിശ്രമം നൽകി മധ്യനിരയിൽ സൂര്യകുമാർ യാദവിനും ശ്രേയസ് അയ്യർക്കും ഒരുമിച്ച് അവസരം നൽകാനാവും. ബൗളിങ്ങിൽ ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, രവി ബിഷ്ണോയി എന്നിവർ കളിക്കാനും സാധ്യതയുണ്ട്.