നെടുമങ്ങാട്: തലസ്ഥാന നഗരിക്കും സമീപപഞ്ചായത്തുകൾക്കും കുടിവെള്ളമെത്തിക്കുന്ന അരുവിക്കര ഡാമിൻറെ സംഭരണശേഷി വർധിപ്പിക്കാനും ജലസ്രോതസ്സ് സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. ഡാം റിസർവോയറിൻറെ സംഭരണ ശേഷിയുടെ 50 ശതമാനവും മണലും ചളിയും മാലിന്യവുമാണെന്നാണ് റിപ്പോർട്ട്.
രണ്ടു ലക്ഷം ക്യുബിക് മീറ്ററാണ് ഡാമിൻറെ സംഭരണ ശേഷി. 48 ഹെക്ടർ വിസ്തൃതിയുള്ള റിസർവോയറിൽ എട്ട് മീറ്റർ ആഴത്തിൽ വെള്ളം സംഭരിക്കാം. എന്നാൽ, ഇപ്പോഴുള്ള ജലം നാലു മീറ്ററിൽ താഴെയാണ്.
അഞ്ചു ദിവസത്തേക്കാവശ്യമായ വെള്ളം സംഭരിക്കാനേ കഴിയുന്നുള്ളൂ. കൂടാതെ, മഴ കനത്താൽ ഡാം തുറന്നുവിടേണ്ടിയുംവരുന്നു. അടിക്കടി ഡാം തുറക്കുന്നത് കരമനയാറിൻറെയും കിള്ളിയാറിൻറെയും കരകളിൽ താമസിക്കുന്നവരെ ബുദ്ധിമുട്ടിക്കുകയും നഗരത്തിൽ വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്യുന്നു. വരൾച്ചയുള്ള സമയത്ത് മാത്രമാണ് അധികാരികൾ ഡാം സംരക്ഷണത്തെകുറിച്ച് സംസാരിക്കുന്നതും പദ്ധതികൾ പ്രഖ്യാപിക്കുന്നതും.
വരൾച്ച മാറി മഴക്കാലമാകുന്നതോടെ പദ്ധതികൾ പഴങ്കഥയാകും. ഡാമിൻറെ ഏറിയ ഭാഗവും ഏക്കലും മണലും അടിഞ്ഞ് കരഭൂമിയായി. തുരുത്തുകൾ രൂപപ്പെട്ട് കോരപ്പുല്ലുകൾ വളർന്നു. പായലും കുളവാഴയും നിറഞ്ഞ റിസർവോയറിൽ ജൈവ-അജൈവ മാലിന്യങ്ങളുമുണ്ട്.