ദോഹ: സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിലൊന്നായ കത്താറ കൾചറൽ വില്ലേജിലെ പീജിയൻ ടവറുകൾ ഇന്ന് പൊളിക്കും. ഉയർന്ന മാനദണ്ഡങ്ങളോടെ ടവറുകൾ പുനർ നിർമിക്കാനാണ് പൊളിക്കുന്നത്. കത്താറയിൽ 3 പീജിയൻ ടവറുകളാണുള്ളത്.
ഇവ മൂന്നും പൊളിച്ചു മാറ്റുമോ അല്ലെങ്കിൽ നിശ്ചിത എണ്ണം മാത്രമേ പൊളിച്ചു പുനർനിർമിക്കുകയുള്ളോ എന്നത് അധികൃതർ വ്യക്തമാക്കിയിട്ടില്ല. കത്താറ ജനറൽ മാനേജർ ഡോ.ഖാലിദ് അൽ സുലൈത്തിയുടെ ഔദ്യോഗിക ട്വിറ്ററിലാണ് ടവറുകൾ പൊളിക്കുന്നത് സംബന്ധിച്ച ട്വീറ്റ്. സന്ദർശകരുടെ പ്രധാന ആകർഷണം മാത്രമല്ല രാജ്യത്തിന് അകത്തും പുറത്തും ഖത്തറിനെക്കുറിച്ചുള്ള ഫീച്ചറുകളിലെല്ലാം ഏറ്റവും കൂടുതൽ ഇടം നേടിയ ചിത്രങ്ങളിലൊന്ന് കത്താറയിലെ പീജിയൻ ടവറുകളുടേതാണ്.
പടിഞ്ഞാറ് ഭാഗത്ത് മോസ്കിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന പീജിയൻ ടവർ ആണ് കൂടുതലും ചിത്രങ്ങളിൽ ഇടം നേടിയത്. ബീച്ചിനോട് ചേർന്ന് കിഴക്കു വശത്താണ് മറ്റ് 2 ടവറുകളും. നൂറു കണക്കിന് വ്യത്യസ്തങ്ങളായ പ്രാവുകളാണ് ഈ ടവറുകളിൽ പാറിപറക്കുന്നത്.