അബുദാബി: തിയറ്ററുകളിലും വ്യവസായ കേന്ദ്രങ്ങളിലും കോവിഡ് നിയന്ത്രണ ഇളവ് പ്രാബല്യത്തിലായതോടെ യുഎഇ സാധാരണ നിലയിലേക്ക്. കഴിഞ്ഞ ദിവസത്തെക്കാൾ കൂടുതൽ പേർ വിവിധ കേന്ദ്രങ്ങൾ എത്തിയതോടെ നഗരം സജീവമായിത്തുടങ്ങി. തിയറ്ററുകൾക്ക് പൂർണ തോതിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.
എന്നാൽ പ്രവൃത്തി ദിനമായതിനാൽ കാര്യമായ തിരക്കുണ്ടായില്ല. പുതിയ സിനിമകൾ എത്തുന്ന 18 മുതൽ തിരക്കേറുമെന്നാണ് പ്രതീക്ഷയെന്ന് തിയറ്റർ ഉടമകൾ പറഞ്ഞു. 18ന് മോഹൻലാൽ നായകനായ ആറാട്ട്, 24ന് അജിത്തിന്റെ വലിമൈ, മമ്മൂട്ടിയുടെ ഭീഷ്മപർവം തുടങ്ങി പുതിയ സിനിമകളുടെ പരമ്പര തന്നെ എത്തുന്നുണ്ട്. അതിനാൽ തിയറ്ററുകൾ പഴയ പ്രതാപത്തിലേക്കു തിരിച്ചുവരുമെന്നാണ് ഉടമകളുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ 2 വർഷത്തോളം ഒടിടി പ്ലാറ്റ് ഫോമിൽ ഒതുങ്ങിക്കൂടിയ പ്രേക്ഷകരെ തിയറ്ററിലെത്തിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സിനിമാ ലോകം. ഇന്നലെ പ്രവൃത്തി ദിനമായതിനാൽ ഷോപ്പിങ് മാളുകളിലും പകൽ കാര്യമായ തിരക്കുണ്ടായില്ലെങ്കിലും വൈകിട്ടോടെ സ്ഥിതിഗതികൾ അൽപം മെച്ചപ്പെട്ടു. ഇതേസമയം ഓരോ എമിറേറ്റിലെയും കോവിഡ് വ്യാപന തോത് പരിഗണിച്ച് പ്രാദേശിക അധികൃതർക്ക് തീരുമാനത്തിൽ ഭേദഗതി വരുത്താനും അനുമതിയുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു