പാരീസ് : തെക്കൻ ഫ്രാൻസിൽ ഫ്ലാറ്റിൽ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും ഏഴ് പേർ മരിച്ചു. മരിച്ചവരിൽ കൈക്കുഞ്ഞ് ഉൾപ്പെടെ രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം. 30ലേറെ പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, തിങ്കളാഴ്ച പുലർച്ചെ 1.30ന് പിരനീസ്- ഓറിയന്റേൽസ് മേഖലയിലെ സെന്റ് ലോറന്റ് ഡി ലാ സലാക് പട്ടണത്തിലാണ് സംഭവം നടന്നത്.
രണ്ട് നില കെട്ടിടത്തിലെ 11 അപ്പാർട്ട്മെന്റുകളിൽ തീ ആളിപ്പടരുകയായിരുന്നു. കുടുങ്ങിക്കിടന്ന 20 ലേറെ പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തുകയും ചെയ്തു. തീപിടിത്തത്തിലേക്ക് നയിച്ച പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. താഴെയുള്ള നിലയിലെ കടയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.