ന്യൂഡല്‍ഹി: ഹിന്ദി സംഗീത സംവിധായകന് ബപ്പി ലാഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി. അവയില്‍ പലതും ആലപിച്ചു. ബപ്പി ലാഹിരി എന്നറിയപ്പെടുന്ന അലോകേഷ് ലാഹിരിയാണ് ഇന്ത്യന്‍ സിനിമയില്‍ സിന്തസൈസ് ചെയ്ത ഡിസ്കോ സംഗീതത്തിൻ്റെ ഉപയോഗം ജനപ്രിയമാക്കിയത്.
സ്വന്തം രചനകളില്‍ ചിലത് അദ്ദേഹം ആലപിക്കുകയും ചെയ്തിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായി ബംഗാളില്‍ 2014ല്‍ മല്‍സരിച്ചു. മലയാളത്തില്‍ ‘ഗുഡ്ബോയ്സ്’ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്കി. അമര്‍ സംഗീ, ആശാ ഓ ഭലോബാഷ, അമര്‍ തുമി, അമര്‍ പ്രേം, മന്ദിര, ബദ്നാം, രക്തലേഖ, പ്രിയ തുടങ്ങിയ ബംഗാളി ചിത്രങ്ങളിലെ അദ്ദേഹത്തിൻ്റെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റാണ്.
വാര്‍ദത്ത്, ഡിസ്കോ ഡാന്‍സര്‍, നമക് ഹലാല്‍, ഷറാബി ഡാന്‍സ് ഡാന്‍സ്, കമാന്‍ഡോ, സാഹേബ്, ഗാംഗ് ലീഡര്‍, സൈലാബ് തുടങ്ങിയ സിനിമാസൗണ്ട് ട്രാക്കുകളിലൂടെയാണ് 1980കളിലും 1990കളിലും അദ്ദേഹം ജനപ്രിയനായത്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലെ ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ലാഹിരി ജനിച്ചത്. ജല്‍പായ്ഗുരിയില്‍ നിന്നുള്ള അദ്ദേഹത്തിൻ്റെ മാതാപിതാക്കളായ അപരേഷ് ലാഹിരിയും ബന്‍സുരി ലാഹിരിയും പ്രശസ്ത ബംഗാളി ഗായകരും ശാസ്ത്രീയ സംഗീതജ്ഞരുമായിരുന്നു.