തിരുവനന്തപുരം: ഇടത് ജീവനക്കാരുടെ സംയുക്ത സമരത്തെ കൈകാര്യം ചെയ്ത രീതിയിലും മുൻ മന്ത്രി എം എം മണിയെ സംശയനിഴലിലാക്കുന്ന വൈദ്യുതി ബോർഡ് ചെയർമാന്റെ വിവാദ ആരോപണത്തിലും സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി. സർക്കാറിലെ വിഴുപ്പലക്കലും ഉദ്യോഗസ്ഥൻ രാഷ്ട്രീയ നേതൃത്വത്തെ സംശയനിഴലിൽ നിർത്തുന്നതും എൽഡിഎഫിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഘടകകക്ഷിയുടെ വകുപ്പിൽ ഇടപെടില്ലെന്ന പരസ്യ നിലപാടിനപ്പുറം ശക്തമായ സമരത്തിലൂടെ വ്യക്തമായ സൂചനയാണ് സിപിഎം നൽകുന്നത്. മണിയെപോലെ മുതിർന്ന നേതാവിന് എതിരായ ആക്ഷേപത്തെ സിപിഎം ഗൗരവമായാണ് കാണുന്നത്.
മുൻ എൽഡിഎഫ് സർക്കാരുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ വൈദ്യുതി വകുപ്പിൻ്റെ പ്രകടനം പോരാ എന്ന വികാരം നേതൃത്വത്തിൽ ചിലർക്കുണ്ട്. ഘടകകക്ഷി മന്ത്രിക്കെതിരെ സിഐടിയു സംസ്ഥാന സെക്രട്ടറി നടത്തിയ വിമർശനം യാദൃശ്ചികമല്ലെന്നാണ് സൂചന. കെഎസ്ഇബി ചെയർമാൻ്റെ നടപടികൾക്കെതിരെയായിരുന്നു സമരമെങ്കിലും കടുത്ത വിമർശനമായിരുന്നു ഘടകകക്ഷി മന്ത്രിക്കെതിരെ ഉണ്ടായത്. ഈ വിമർശനം യാദൃശ്ചികമായി കാണാനാവില്ല.
1996 ൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായ കാലം തൊട്ടിങ്ങോട്ട് എൽഡിഎഫ് ഭരണകാലത്ത് വൈദ്യുതി വകുപ്പ് മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. പവർ കട്ടില്ലാത്ത സംസ്ഥാനം എന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിൻ്റെ നേട്ടമായി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇത്തവണ വകുപ്പ് ജെഡിഎസിന് കൈമാറിയ ശേഷം സ്ഥിതി മാറിയെന്ന അഭിപ്രായമാണ് സിപിഎമ്മിൽ ഉയരുന്നത്.
ഭാവിയിലേക്കുള്ള വർധിച്ചു വരുന്ന ഊർജാവശ്യം നേരിടുന്നതിന് ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കുന്നില്ലെന്നും വിലയിരുത്തലുണ്ട്. സ്ഥലംമാറ്റം, പർച്ചേസിങ് എന്നിവയുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സർക്കാരിൻ്റെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തപ്പെടുന്ന സി.പി.എം സമ്മേളന കാലയളവിൽ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾക്ക് അതിനാൽ പ്രാധാന്യമേറെയുണ്ട്.
ആശയ വിനിമയത്തിലെ പ്രശ്നമാണ് ഇപ്പോഴത്തേതെന്നും ഉടൻ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ഒരു സിപിഎം നേതാവ് പറഞ്ഞത്. വകുപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിലയിരുത്തലുകളിലേക്ക് പാർട്ടി ഇതുവരെ കടന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കെഎസ്ഇബി ഭൂമി വിനിയോഗവുമായി ബന്ധപ്പെട്ട് ബോർഡ് ചെയർമാൻ നടത്തിയ വെളിപ്പെടുത്തലുകൾ സിപിഎമ്മിനെ വെട്ടിലാക്കുകയും ചെയ്തു.