തോട്ടട (കണ്ണൂർ):വിവാഹ പാർട്ടിക്കു നേരെയുണ്ടായ ബോംബേറിൽ വരന്റെ സുഹൃത്തായ യുവാവ് മരിച്ച സംഭവത്തിലെ പ്രധാന പ്രതി മിഥുൻ കീഴടങ്ങി. സംഭവശേഷം ഒളിവിലായിരുന്ന മിഥുൻ എടക്കാട് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പൊലീസ് മിഥുനെ ചോദ്യം ചെയ്യുകയാണ്. ബോംബേറിൽ മിഥുന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഏച്ചൂർ സ്വദേശി ആദർശിന്റെ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെനിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിൻറെ നിഗമനം. ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണ്. ഒന്നാംപ്രതി അക്ഷയ് (24) ഇന്നലെ അറസ്റ്റിലായിരുന്നു.
ഏച്ചൂർ പാതിരപ്പറമ്പിൽ പരേതനായ മോഹനന്റെ മകൻ ജിഷ്ണു (26) ആണു മരിച്ചത്. 6 പേർക്കു പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കു വിവാഹ പാർട്ടി വരന്റെ വീട്ടിലക്കു കയറിയ ഉടൻ, 100 മീറ്റർ പിന്നിലായി ചാല 12 കണ്ടി റോഡിലാണു സംഭവം നടന്നത്. ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സൽക്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏച്ചൂരിൽനിന്നും തോട്ടടയിൽ നിന്നുമുള്ള 2 വിഭാഗങ്ങൾ തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്നു. ഇതിന്റെ തുടർച്ചയായാണ് ബോംബേറ് ഉണ്ടായത്.