കുവൈറ്റ് : കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു . വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് പിസിആർ സർട്ടിഫിക്കറ്റോ ക്വാറന്റൈനോ ആവശ്യമില്ല. വാക്സിനെടുക്കാത്തവർക്കും പ്രവേശനം അനുവദിക്കും . ഇളവുകൾ ഈ മാസം 20 മുതൽ പ്രാബല്യത്തിൽ വരും.
തിങ്കളാഴ്ചവൈകീട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രങ്ങളിൽ ഇളവുകൾ നല്കാൻ തീരുമാനിച്ചത് കുവൈത്ത് അംഗീകരിച്ച വാക്സിൻറെ കോഴ്സ് പൂർത്തിയാക്കിയവർക്ക് രാജ്യത്തേക്ക് വരാൻ പി.സി.ആർ പരിശോധനയും ക്വാറൻറീനും ആവശ്യമില്ല എന്നതാണ് പ്രധാന മാറ്റം. രണ്ടു ഡോസ് പൂർത്തിയാക്കി ഒമ്പത് മാസം കഴിഞ്ഞവർ കുവൈത്തിൽ വാക്സിൻ പൂർത്തിയാകാത്തവരുടെ ഗണത്തിലാണ് ഉൾപ്പെടുക ഇവർ ബൂസ്റ്റർ ഡോസ് കൂടി എടുത്താലേ പൂർണ പ്രതിരോധ ശേഷിയുള്ളവരായി പരിഗണിക്കൂ . ഇത്തരക്കാർക്കും യാത്രക്ക് മുൻപുള്ള പിസിആർ സർട്ടിഫിക്കറ്റ് ആവശ്യമില്ല . ഇവർ കുവൈത്തിലെത്തിയ ശേഷം പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം.