ന്യൂഡല്‍ഹി: ബയോളജിക്കല്‍ ഇയുടെ കോര്‍ബോവാക്സ് കോവിഡ് വാക്സിന് 12 മുതല്‍ 18 വയസുവരെ ഉള്ളവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വിദഗ്ധ സമിതിയുടെ അനുമതി. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) വിദഗ്ധ സമിതിയാണ് വാക്സിന് അനുമതി നല്‍കിയത്. നിബന്ധനകള്‍ക്ക് വിധേയമായാണ് അനുമതി.
18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് നല്കാന് രാജ്യത്ത് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്സിനാണിത്. നിലവില്‍ 18 നു താഴെ പ്രായമുള്ളവര്‍ക്ക് കോവാക്സിനാണ് വിദഗ്ധ സമിതി അനുമതി നല്‍കിയിട്ടുള്ളത്. ഇത് 18 മുതല്‍ 15 വരെ പ്രായമുള്ള കൗമാരക്കാര്‍ക്കാണ് നല്കി വരുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോളജിക്കല്‍ ഇ നിര്‍മ്മിച്ച കോര്‍ബോവാക്സ് 18 നും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കാനാകും.
ഇത് കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കുട്ടികളിലെ വാക്സിനേഷനില്‍ കൂടുതല്‍ കുതിപ്പുണ്ടാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. തിങ്കളാഴ്ച വരെ രാജ്യത്ത് 1.5 കോടി കൗമാരക്കാര്‍ക്ക് വാക്സിനേഷന് നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്. 15 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് കൂടി നല്കാവുന്ന കോര്‍ബോവാക്സിന് അനുമതി നല്‍കിയതോടെ, രാജ്യത്തെ 6.5 കോടി പേര്‍ക്ക് കൂടി വാക്സിന് പ്രതിരോധം ലഭ്യമാകും. ആര്‍ബിഡി പ്രോട്ടീന്‍ സബ് യൂണിറ്റ് ഉപയോഗിച്ച് തദ്ദേശീയമായി നിര്‍മ്മിച്ച കോര്‍ബോവാക്സിന് മുതിര്‍ന്നവര്‍ക്ക് അടിയന്തര ഉപയോഗത്തിന് ഡിസംബര്‍ 28 ന് ഡ്രഗ്സ് കണ്ട്രോളര് ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി അനുമതി നല്‍കിയിരുന്നു.