ദുബൈ :ദുബൈ മുനിസിപ്പാലിറ്റി കഴിഞ്ഞ വർഷം 1.70 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചു. ഇതുവഴി 28 ലക്ഷം ചതുരശ്ര മീറ്റർ ഹരിത പ്രദേശങ്ങളാണ് കൂടുതലായി സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞത്.
ദിവസവും ശരാശരി 466 മരങ്ങൾ വീതം വെച്ചുപിടിപ്പിച്ചു. ആദ്യം നിശ്ചയിച്ചതിനേക്കാൾ 130 ശതമാനം കൂടുതൽ മരങ്ങളാണ് നടാൻ കഴിഞ്ഞത്. ഇതോടെ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഹരിതപ്രദേശങ്ങൾ 43.83 ദശലക്ഷം ചതുരശ്ര മീറ്ററായി ഉയർന്നു.
നട്ടുപിടിപ്പിക്കുക മാത്രമല്ല, കൃത്യമായി പരിപാലിക്കാനും കഴിയുന്നുണ്ട് എന്നതിൻറെ തെളിവാണ് കൊടുംചൂടിൽ പോലും ദുബൈ നഗരത്തിൽ കാണുന്ന പച്ചപ്പ്. ഇതിനായി കൃത്യമായ ജലസേചന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നിരന്തരം പരിശോധന നടത്തുകയും ഇവ സംരക്ഷിക്കുന്നതിന് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാർഷിക മേഖലയിലെ സ്ഥാപനങ്ങൾക്ക് ലൈസൻസുകൾ അനുവദിക്കുന്നത് വഴി സ്വകാര്യ മേഖലയുടെ സഹായത്തോടെയും കൂടുതൽ പച്ചപ്പ് യാഥാർഥ്യമാക്കാൻ മുനിസിപ്പാലിറ്റി ശ്രമിക്കുന്നു.