ദുബൈ: നടൻ രൺബീർ കപൂർ എക്സ്പോ 2020 ദുബൈ സന്ദർശിച്ചു. മുംബൈ എഫ്.സി ഉടമകൂടിയായ രൺബീർ ജൂബിലി പാർക്കിൽ നടന്ന പരിപാടിയിൽ ആരാധകരുമായി സംവദിക്കുകയും ചെയ്തു. ഫുട്ബാളിനോട് തനിക്കുള്ള സ്നേഹം തുറന്നുപറഞ്ഞ താരം ഒരു കായിക ഇനമെങ്കിലും ശീലമാക്കണമെന്ന് ആരാധകരോട് ഉപദേശിച്ചു.
കുട്ടിക്കാലം മുതൽ ഫുട്ബാൾ കളിക്കുന്നുണ്ട്. സ്പോർട്സിൽനിന്ന് പഠിച്ച പാഠം തൊഴിലിലും ജീവിതത്തിൻറെ വിവിധ തലങ്ങളിലും പ്രയോഗിക്കാൻ കഴിയുമെന്നാണ് ഞാൻ മനസ്സിലാക്കിയത് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെയും യു.എ.ഇയുടെയും പവിലിയനുകൾ സന്ദർശിച്ച രൺബീർ വിവിധ രാജ്യങ്ങളുടെ സംസ്കാരം കാണാനും വേരുകൾ അറിയാനും എക്സ്പോ സന്ദർശനത്തിലൂടെ സാധിച്ചതിൽ സന്തോഷം രേഖപ്പെടുത്തി. ഇന്ത്യൻ പവിലിയനിൽ ഏറെ നേരം ചെലവഴിച്ചാണ് താരം നഗരി വിട്ടത്.