ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടിയായി മുൻകേന്ദ്രമന്ത്രിയുടെ രാജി. മുൻ കേന്ദ്രമന്ത്രി അശ്വനി കുമാറാണ് കോൺഗ്രസ് വിട്ടത്. സംസ്ഥാന കോൺഗ്രസിൽ ഒതുക്കപ്പെട്ട സാഹചര്യമാണുള്ളതെന്നും പാർട്ടി വിടുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി.
മന്മോഹന് സിങ് സർക്കാരിൻ്റെ കാലത്ത് കേന്ദ്ര നിയമമന്ത്രിയായിരുന്നു അദ്ദേഹം. 46 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധമാണ് അശ്വനികുമാര്‍ അവസാനിപ്പിച്ചത്. പാര്‍ട്ടി കേന്ദ്രനേതൃത്വത്തിൻ്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്ത് നല്കി.
സ്വാതന്ത്ര്യസമരസേനാനികള്‍ മുന്നോട്ടുവെച്ച ജനാധിപത്യ മൂല്യങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന പൊതു പ്രശ്നങ്ങളെ തുടര്‍ന്നും പിന്തുണയ്ക്കും. കഴിഞ്ഞകാലങ്ങളില്‍ തനിക്ക് നല്കിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദിയുണ്ടെന്നും സോണിയഗാന്ധിക്ക് നൽകിയ കത്തില്‍ അശ്വനി കുമാര്‍ സൂചിപ്പിച്ചു.