കണ്ണൂർ: തോട്ടടയിൽ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. വിവാഹാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ വിരുദ്ധർ നടത്തുന്ന പേക്കൂത്തുകൾ അവസാനിപ്പിക്കണമെന്ന് കെ.കെ. ശൈലജ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികണം.
“വിവാഹാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ വിരുദ്ധർ നടത്തുന്ന പേക്കൂത്തുകൾ അവസാനിപ്പിക്കണം നമ്മുടെ നാട്ടിൽ ആഘോഷങ്ങളുടെ മറപിടിച്ച് സാമൂഹ്യ വിരുദ്ധർക്ക് ഏത് ആഭാസ പ്രവർത്തനവും നടത്താമെന്ന നിലവന്നിരിക്കുകയാണ് പ്രത്യേകിച്ച് വിവാഹാഘോഷവുമായി ബന്ധപ്പെട്ട്. സംസ്കാര സമ്പന്നമായ ഒരു ജനതയ്ക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത സംഭവങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ തോട്ടടയിൽ വിവാഹ സംഘത്തോടൊപ്പം എത്തിയ ചിലർ നടത്തിയ ബോംബേറിൽ അതേസംഘത്തിൽപ്പെട്ട യുവാവിന്റെ തലതകർന്ന് കൊല്ലപ്പെടുന്ന സ്ഥിതിയുണ്ടായി.
അങ്ങേയറ്റം അപലപനീയമായ സംഭവവികാസങ്ങളുടെ തുടർച്ചയായാണ് ഈ മരണം ഉണ്ടായിട്ടുള്ളത്. വിവാഹ വീടുകളിൽ വിവാഹത്തലേന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുകയും, ആഭാസ നൃത്തം ചവിട്ടുകയും, കേട്ടാലറയ്ക്കുന്ന ഭാഷ സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് വർധിച്ചുവരികയാണ്. പുരുഷൻമാർ സ്ത്രീകളുടെ വേഷം കെട്ടി ആഭാസ നൃത്തം ചവിട്ടുക, വധുവിന്റെ ചെരിപ്പിൽ എണ്ണയൊഴിച്ച് ആ ചെരിപ്പിൽ കയറി നടക്കാൻ ആജ്ഞാപിക്കുക, വധൂവരൻമാരുടെ കഴുത്തിൽ ചെരിപ്പ് മാലയിട്ട് നടത്തിക്കുക, അവരുടെ കിടപ്പുമുറി അലങ്കോലപ്പെടുത്തുക, കിടക്കയിൽ വെള്ളം നനച്ച കുതിർക്കുക, തുടങ്ങിയ ക്രൂര വിനോദങ്ങളാണ് നടത്തുന്നത്.”