കാസർകോട്: ഫാഷൻ ഗോൾഡ് കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. കമറുദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന നടത്തുന്നത്. വീടുകൾക്ക് പുറമെ ഇവരുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്. ഒൻപത് ഇടങ്ങളിലാണ് പരിശോധന.
ഫാഷൻ ഗോൾഡിന്റെ പേരിൽ ആകെ 800 പേരിൽ നിന്ന് 150 കോടിയോളം രൂപയാണ് സമാഹരിച്ചത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയത്. നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷൻ ഗോൾഡ് ചെയർമാനായ എംസി ഖമറൂദ്ദീനും എംഡിയായ പൂക്കോയ തങ്ങളും രജിസ്റ്റർ ചെയ്തത്.
2006 ൽ ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്സിലാണ് ആദ്യകമ്പനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകമ്പനികൾ രജിസ്റ്റർ ചെയ്തത്. ഒരേ മേൽവിലാസത്തിലാണ് കമ്പനികൾ രജിസ്റ്റർ ചെയ്തതെങ്കിലും ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ല.
മുസ്ലീം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് ജനവിശ്വാസം ആർജ്ജിച്ചാണ് ലീഗ് അണികളായ സമ്പന്നരെയും പാവങ്ങളെയും വലയിൽ വീഴ്ത്തിയത്. ലീഗ് നേതാക്കളുടെ സമ്മർദ്ദം കാരണമാണ് ആദ്യം ആരും പരാതി നൽകാൻ തയ്യാറാവാതിരുന്നത്.