നടി ശില്പ ബാലയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘പൈങ്കിളി പാട്ട്’ എന്ന മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു. ഒരു ആനിമേറ്റഡ് വീഡിയോ മ്യൂസിക് ആല്‍ബമായിട്ടാണ് ‘പൈങ്കിളി പാട്ട്’ എത്തിയിരിക്കുന്നത്.
പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ മ്യൂസിക് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘പൈങ്കിളി പാട്ടെ’ന്ന മ്യൂസിക് വീഡിയോ ശില്പ ബാലയുടെയും സുഹൃത്തുക്കുളുടെയും കൂട്ടായ്മയില്‍ ഒരുങ്ങിയതാണ്. ശില്പ ബാലയുടെ സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശൻ, ഷഫ്ന, സയനോര തുടങ്ങിയവര്‍ വീഡിയോയില്‍ ആനിമേറ്റഡ് രൂപത്തില്‍ ഭാഗമാകുന്നു.
ഇവരുടെ സുഹൃത്തുക്കളുടെ സൗഹൃദവും പ്രണയവുമൊക്കെയാണ് വീഡിയോയിലുള്ളത്. വിനായക് എസ് കുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്. ‘പൈങ്കിളി പാട്ടി’ന് സംഗീതം നല്‍കിയിരിക്കുന്നത് വികാസ് അല്‍ഫോന്‍സ് ആണ്. വികാസാണ് പാടിയിരിക്കുന്നതും. ടൈറ്റില്‍സ്- ജോസഫ് സാവിയോ സി ജെ. ഇല്ലുസ്ട്രേഷന്‍ കോര്‍ഡിനേറ്റര്‍- ജോണി ഫ്രെയിമ്സ്.
നടിയായും അവതാരകയായും ശില്പ ബാല ശ്രദ്ധേയയാണ്. ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരിയിലെത്തിയത്. ശില്പ ബാലയുടെ സംവിധാനത്തില്‍ എത്തിയ പൈങ്കിളി പാട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.