വിജയ് ചിത്രം ‘ബീസ്റ്റി’നായി കാത്തിരിക്കുകയാണ് ആരാധകര്‍. പൂജാ ഹെഗ്ഡെയാണ് ചിത്രത്തില്‍ വിജയ്യുടെ നായികയായി എത്തുന്നത്. ‘ബീസ്റ്റ്’ എന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ‘ബീസ്റ്റി’ലെ ആദ്യ ഗാനത്തിൻ്റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സിനിമയിലെ ‘അറബിക് കുത്തു’ എന്ന ഗാനത്തിൻ്റെ ലിറിക്കല്‍ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്. ശിവകാര്‍ത്തികേയനാണ് രചന. അനിരുദ്ധും ജോണിത ഗാന്ധിയും ചേര്‍ന്നാണ് ആലാപനം. ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.
വിജയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രമാണിത്. സണ്‍ പിക്ച്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡേയാണ് നായിക. ദളപതി 65 എന്ന് നേരത്തെ പേരിട്ടിരുന്ന ചിത്രത്തിലെ വിജയിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളും പുറത്ത് വന്നിരുന്നു. ഇതുവരെ കാണാത്ത റോളിലാകും വിജയ് ചിത്രത്തിലെത്തുക.
ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ആളുകളെ കബളിപ്പിക്കുന്നതില്‍ പ്രഗത്ഭനായ ഒരാളുടെ വേഷമാവും വിജയ് കൈകാര്യം ചെയ്യുക. ചിത്രത്തില്‍. പ്രതിനായക വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നവാസുദീന്‍ സിദ്ദിഖിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്.