തിരുവനന്തപുരം; സ്കൂൾ അധ്യയനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച നടത്തും. സ്കൂളുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലല്ലാതെ മുഴുവൻസമയ അധ്യയനം ആരംഭിക്കുന്നതിനു മുന്നോടിയായാണ് യോഗം. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗരേഖ സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.
ശനിയാഴ്ച പ്രവർത്തിദിനമാക്കിയതിലും ഓൺ ലൈൻ, ഓഫ് ലൈൻ ക്ലാസുകൾ ഒരുമിച്ച് കൊണ്ടുപോകുന്നതിലും പ്രതിപക്ഷ അധ്യാപക സംഘടനകൾക്ക് അതൃപ്തിയുണ്ട്. അതിനാൽ സർക്കാർ തീരുമാനത്തിൽ മാറ്റം വേണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ടുവെക്കും.
കെഎസ്ടിഎ ഒഴികെയുള്ള അധ്യാപക സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്. വൈകീട്ട് വരെ ക്ലാസ് നീട്ടുമ്പോൾ ശനിയാഴ്ച പ്രവർത്തി ദിവസമാക്കുന്നത് പിൻവലിക്കണമെന്ന് കോൺഗ്രസ് സംഘടന കെപിഎസ്ടിഎ ആവശ്യപ്പെട്ടു.