തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ പി എ ആയി ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ് കർത്തായെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. രാജ്ഭവൻറെ ശുപാർശ അംഗീകരിച്ചാണ് ഉത്തരവ്.
ഹരി എസ് കർത്തായുടെ നിയമനത്തിനെതിരെ നേരത്തെ പ്രതിപക്ഷനേതാവ് വിമർശനം ഉന്നയിച്ചിരുന്നു. സർക്കാറും ഗവർണ്ണറും തമ്മിലുള്ള ഒത്ത് തീർപ്പിൻറെ ഭാഗമാണ് നിയമനമെന്ന ആക്ഷേപമാണ് വിഡി സതീശൻ ഉന്നയിച്ചത്.
അതൃപ്തി നിലനിൽക്കെ, ഗവർണറുടെ നിർദ്ദേശം അംഗീകരിച്ച് നിയമനത്തിന് അംഗീകാരം നൽകുകയാണെന്ന് കാട്ടി ഗവർണറുടെ സെക്രട്ടറിക്കു പൊതുഭരണ സെക്രട്ടറി കത്തു നൽകി.
രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നവരെയോ, രാഷ്ട്രീയ പാർട്ടികളോടോ പാർട്ടി ബന്ധമുള്ള സംഘടനകളോടോ കൂറു പുലർത്തുന്നവരെയോ ഇതുവരെ രാജ്ഭവനിൽ നിയമിച്ചിട്ടില്ലെന്നു കത്തിൽ പറയുന്നു. ഇത്തരത്തിലുള്ള പരമ്പരാഗത രീതികൾ പാലിക്കപ്പെടേണ്ടതാണ്. പക്ഷേ, ഗവർണർ നിയമനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചതുകൊണ്ട് നിർദ്ദേശം സ്വീകരിക്കുന്നു. ഗവർണറുടെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ കൊണ്ടുവരാനാണ് കത്തെന്നും പൊതുഭരണ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, രാജ്ഭവൻ ശുപാർശ നൽകിയാൽ തള്ളിക്കളയാൻ അധികാരമില്ലെന്ന വാദമാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. ഗവർണറെ അതൃപ്തി അറിയിച്ചു കൊണ്ടാണ് നിയമന ഉത്തരവിറക്കിയത്. സജീവ രാഷ്ട്രീയത്തിൽ ഉള്ള ആളെ നിയമിക്കുന്ന പതിവ് ഇല്ലെന്നു ഗവർണ്ണറെ സർക്കാർ അറിയിച്ചു. നിയമനത്തിലെ പതിവ് തുടരുന്നതാവും ഉചിതം. ഗവർണ്ണർ താല്പര്യം അറിയിച്ചത് കൊണ്ടാണ് ഹരി എസ് കർത്തായെ നിയമിച്ചതെന്നും രാജ്ഭവന് നൽകിയ കത്തിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.