എറണാകുളം കിഴക്കമ്പലത്തെ കിറ്റെക്സ് ഗാർമെന്റ്സ് മാനേജ്മെന്റ് ജീവനക്കാരെ അടിമകളെപ്പോലെയാണ് കണക്കാക്കുന്നതെന്ന് കുറ്റപ്പെടുത്തി വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മ രംഗത്ത്. തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ച് തൊഴിൽ നിയമം പോലും പാലിക്കാതെയാണ് കിറ്റെക്സ് ഗാർമെന്റ്സ് മാനേജ്മെന്റ് ജീവനക്കാരെ കണക്കാക്കുന്നത് എന്നാണ് ആരോപണം.
കഴിഞ്ഞ വർഷം ക്രിസ്മസ് തലേന്ന് കമ്പനിയിലെ തൊഴിലാളികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കും. കിറ്റെക്സ് മാനേജ്മെന്റും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്.
“എല്ലാ തൊഴിലാളികളും സ്ഥിരം ജീവനക്കാരാണെന്ന് മാനേജ്മെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും അവരുടെ എണ്ണം സംബന്ധിച്ച് തൊഴിൽ ഉദ്യോഗസ്ഥർക്ക് ഒരു വിവരവുമില്ല,” റിപ്പോർട്ട് പറയുന്നു. തൊഴിലാളികളെ പുറത്തിറങ്ങാനോ പുറംലോകവുമായി ബന്ധപ്പെടാനോ അനുവദിക്കാതെ ഗേറ്റിൽ പൂട്ടിയിട്ടത് അന്വേഷണസംഘം കണ്ടു. ഇത് ബോണ്ടഡ് ലേബർ പോലെയാണ്. റിപ്പോർട്ട് പറയുന്നു.
റിപ്പോർട്ട് കൈമാറാൻ സംഘം മുഖ്യമന്ത്രിയെ സന്ദർശിക്കുമെന്ന് ദേശിയ മനുഷ്യാവകാശ പ്രസ്ഥാനം അംഗം സുജാ ഭാരതി പറഞ്ഞു. കിറ്റെക്സ് ഗാർമെന്റ്സ് എംഡി സാബു ജേക്കബിനെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
അതേസമയം, ക്രിസ്മസ് രാത്രിയിൽ ഉണ്ടായ അക്രമത്തിൽ ജാമ്യം ലഭിച്ചെങ്കിലും ജയിലിന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ് നിരവധി അന്യസംസ്ഥാന തൊഴിലാളികൾ. റിമാൻഡിൽ കഴിയുന്നവരാണിവർ. പൊതുമുതൽ നശിപ്പിച്ചതടക്കം കുറ്റം ചുമത്തിയവർക്ക് കോടതി ജാമ്യം അനുവദിക്കുന്നുണ്ടെങ്കിലും എട്ടുപേർ മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയത്. കേസിൽ 174 പ്രതികളാണുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ മിക്കവാറും പേർ ജയിലിൽ തുടരുകയാണ്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങാൻ ഒരാൾ 6,500 രൂപ കോടതിയിൽ കെട്ടിവെക്കണം. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും വേണം. നാട്ടുകാരാകണം ജാമ്യക്കാർ എന്ന വ്യവസ്ഥയാണ് ഇവരുടെ മോചനത്തിന് ഏറെ തടസമാകുന്നത്. കെൽസയുടെ അഭിഭാഷകർ കോടതി നിർദ്ദേശപ്രകാരം ഒട്ടു മിക്ക പ്രതികളെയും കണ്ട് ജാമ്യത്തിനുള്ള വക്കാലത്ത് ആവശ്യപ്പെട്ടെങ്കിലും മറ്റ് അഭിഭാഷകർ പലരിൽ നിന്നും നേരത്തെ വാങ്ങിയതിനാൽ അവർ നിസഹായരായി.
അതിനിടെ കഴിഞ്ഞ ദിവസം കോലഞ്ചേരി കോടതിയിൽ ഒരു പ്രതിക്ക് ഒന്നിലധികം ജാമ്യാപേക്ഷ എത്തി. അടുത്ത ദിവസം ഇത്തരം പ്രതികളെ കോടതിയിൽ നേരിട്ടെത്തിക്കാൻ കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. സൗജന്യ നിയമസഹായം നൽകാൻ പല സംഘടനകളും തയ്യാറാണെങ്കിലും കർശന ജാമ്യ വ്യവസ്ഥകൾ മൂലം മോചനം നടക്കുന്നില്ല.
ന്യൂഡൽഹിയിൽ നിന്നെത്തിയ അഭിഭാഷകനും സമാനപ്രശ്നമാണ് നേരിടുന്നത്. പ്രതികളിൽ പലരുടെയും ബന്ധുക്കൾ നാളുകളായി ഇവിടെ തങ്ങുകയാണ്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരും വിദ്യാഭ്യാസക്കുറവുള്ളവരുമാണ് ഭൂരിഭാഗവും. പുറത്തിറങ്ങിയാൽ പോലും സംസ്ഥാനം വിട്ട് പുറത്തു പോകരുതെന്ന നിബന്ധനയുമുണ്ട്.
എന്നാൽ, ജാമ്യം കിട്ടി പുറത്തിറങ്ങുന്നതോടെ ഇവരുടെ തുടർജീവിതവും ദുരിതമയമാകും. ക്രിമിനൽ കേസ് പ്രതികളായതിനാൽ തുടർന്ന് ജോലി കമ്പനി നൽകാനിടയില്ല. കേസ് തീരുന്നതു വരെ ഇവിടെ തുടരുന്നത് ഇവർക്ക് വൻ സാമ്പത്തിക ബാദ്ധ്യതയുമാകും. പൊലീസിനെ അടിച്ചു പരിക്കേൽപ്പിച്ചതുൾപ്പെടെ ഗുരുതര കുറ്റകൃത്യം ചെയ്ത 57 പേർക്ക് ജാമ്യം ലഭിക്കില്ല.