ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് റാലിക്ക് മുന്നോടിയായി ഒരു വിഭാഗം കർഷക നേതാക്കളെ വീട്ടുതടങ്കലിലാക്കിയതായി റിപ്പോർട്ടുകൾ. മോദിക്കെതിരെ കര്‍ഷക സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിൽ എടുത്താണ് നടപടി എടുത്തിരിക്കുന്നത്. ജലന്ധറിൽ പൊലീസ് വിന്യാസവും കൂട്ടിയിരിക്കുകയാണ്. ജനുവരി അഞ്ചിന് ഫിറോസ്പൂരിൽ പ്രധാനമന്ത്രിയെ റോഡിൽ തടഞ്ഞ് വെച്ച് കർഷക സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്ക് പിന്നാലെ വീണ്ടും പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകൾ ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്തും. ഇന്ന് ജലന്ധറിലും ഫെബ്രുവരി 16 ന് പത്താൻകോട്ടിലും ഫെബ്രുവരി 17 ന് അബോഹറിലുമാണ് പ്രധാനമന്ത്രി എത്തുക. മോദിക്കെതിരെ പ്രതിഷേധം നടത്താന്‍ കർഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു.