അമേരിക്ക : യുക്രെയിനെ ആക്രമിച്ചാൽ റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് നിർണയാക പ്രതികരണമുണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് കടുത്ത മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയിൻ വിഷയത്തിൽ ഇരുവരും ഇന്നലെ നടത്തിയ ഫോൺ സംഭാഷണത്തിനിടെയിലാണ് ബൈഡന്റെ മുന്നറിയിപ്പ്. അമേരിക്കൻ സമയം, ശനിയാഴ്ച രാവിലെ 11.04ന് ( ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 9.34 ) ആരംഭിച്ച സംഭാഷണം ഒരു മണിക്കൂറിലേറെ നീണ്ടതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.
രണ്ടുപേരുടെയും ചർച്ച പ്രതിസന്ധിയിൽ യാതൊരു ഇളവും സൃഷ്ടിച്ചില്ലെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.റഷ്യയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നടപടിയുണ്ടായാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും റഷ്യയെ ഒറ്റപ്പെടുത്തുമെന്നും ബൈഡൻ പുടിനോട് വ്യക്തമാക്കി. യു.എസിന് പിന്നാലെ നിരവധി രാജ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ യുക്രെയിനിൽ നിന്ന് തങ്ങളുടെ പൗരന്മാരോട് മടങ്ങണമെന്ന് നിർദ്ദേശിച്ചിരുന്നു. പോർച്ചുഗൽ, ബെൽജിയം എന്നിവയും ഇന്നലെ സമാന നിർദ്ദേശം നൽകിയിരുന്നു.