തിരുവനന്തപുരം; കോവിഡ് സ്ഥിരീകരിച്ച് മൂന്നുദിവസം പിന്നിട്ടവരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നു.രോഗം സ്ഥിരീകരിച്ചവർക്ക് ഏഴു ദിവസം ഏർപ്പെടുത്തിയിരിക്കുന്ന സമ്പർക്കവിലക്ക് തുടരും. ആരോഗ്യവകുപ്പ് ഉന്നതതല യോഗത്തിലാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. വാക്കാലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെ ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർമാർ ഇത് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
60 വയസ്സിൽ കൂടുതലുള്ള, രോഗലക്ഷണമുള്ള കോവിഡ് ബാധിതരെയെല്ലാം ആശുപത്രികളിലേക്ക് മാറ്റണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. പ്രമേഹം, രക്തസമ്മർദം, വൃക്കരോഗം എന്നിവയുള്ളവരെയും ആശുപത്രികളിൽ പ്രവേശിപ്പിക്കണം. ലക്ഷണങ്ങളിൽ ചെറിയ ആശ്വാസം ഉണ്ടാകുന്നതുവരെ ഇവരെ ആശുപത്രികളിൽനിന്ന് മാറ്റരുതെന്നാണ് നിർദേശം.
സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ, കീമോതെറാപ്പി ചെയ്യുന്നവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ഡയാലിസിസ് രോഗികൾ എന്നിവരെയും പ്രായം നോക്കാതെ ആശുപത്രികളിലേക്ക് മാറ്റണം. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണങ്ങളിൽ 80 ശതമാനത്തിലേറെയും പ്രായമായവരും അനുബന്ധരോഗങ്ങൾ ഉള്ളവരുമായതാണ് ഈ നിർദേശം നൽകാൻ കാരണം.
സംസ്ഥാനത്ത് ഇന്നലെ 11,136 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 32,004 പേർ രോഗമുക്തി നേടി. 1,60,330 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ടെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ പറയുന്നു. സംസ്ഥാനത്ത് ആകെ 61,84,080 പേരാണ് കൊറോണയിൽ നിന്ന് മുക്തി നേടിയത്.