ബംഗളൂരു: ഐപിഎല്‍ പുതിയ സീസണിൽ മുംബയ്ക്കായി പന്ത് എറിയാൻ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറും. എട്ടു കോടി രൂപയ്ക്കാണ് ആർച്ചറെ മുംബൈ സ്വന്തമാക്കിയത്. ട്രെന്റ് ബോള്‍ട്ട് രാജസ്ഥാനിലേക്ക് പോയതോടെ ജസ്പ്രീത് ബുംമ്രയ്ക്കൊപ്പം മുംബൈ ബൗളിംഗിന് കരുത്തേകാന്‍ ആർച്ചർ എത്തും.
രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും ആർച്ചറെ സ്വന്തമാക്കാൻ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ മുംബൈ ലേലം ഉറപ്പിക്കുകയായിരുന്നു. രണ്ടു കോടിയായിരുന്നു അടിസ്ഥാന വില.
ടി 20യിൽ ഇകോണമി നിരക്ക് കുറവുള്ള ബൗളറാണ് ആർച്ചർ. 2020 എഡിഷനിൽ 6.56 ഇകോണമിയിൽ 20 വിക്കറ്റാണ് താരം വീഴ്ത്തിയത്. 2019ൽ 6.70 ഇകോണമിയിൽ 11 വിക്കറ്റ്. 2018ൽ 8.37 ഇകോണമിയിൽ 15 വിക്കറ്റും.
ആർച്ചറിന്റെ വരവോടെ ഈ സീസണിലെ ഏറ്റവും മികച്ച പേസ് നിരയായി മുംബൈ ഇന്ത്യൻസ് മാറുമെന്ന് കമന്റേറ്റർ ഹർഷ ബോഗ്ലെ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ സീസണിൽ രാജസ്ഥാൻ താരമായിരുന്നെങ്കിലും ഒരു മത്സരം പോലും ആർച്ചർ കളിച്ചിരുന്നില്ല. പരിക്കുമൂലം ടീം വിടുകയായിരുന്നു.