ലണ്ടൻ : ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെച്ചൊല്ലി യൂറോപ്പിൽ പിരിമുറുക്കം തുടരുമ്പോൾ ഉപഗ്രഹ ചിത്രങ്ങളിൽ തെളിയുന്നത് യുദ്ധത്തിനായി എല്ലാം സജ്ജമാക്കിയ റഷ്യൻ സൈനിക വിന്യാസം. ഏത് നിമിഷവും ഉക്രെയ്നിലേക്ക് ഇരച്ച്കയറാനായി റഷ്യൻ സൈനികർ കാത്തിരിക്കുകയാണെന്നാണ് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നത്.
ബെലാറസ്, ക്രിമിയ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിലെ റഷ്യൻ വിന്യാസത്തിന്റെ പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ഈ മേഖലകളിൽ നിരവധി പുതിയ സൈനിക വിന്യാസങ്ങൾ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
സിംഫെറോപോളിന് വടക്കുള്ള ഈ ഉപേക്ഷിക്കപ്പെട്ട എയർഫീൽഡിൽ 550ലധികം സൈനിക കൂടാരങ്ങളും നൂറുകണക്കിന് വാഹനങ്ങളും പുതുതായി എത്തിയിട്ടുണ്ട്. ഡോനുസ്ലാവ് തടാകത്തിന്റെ തീരത്തുള്ള നോവോസെർനോയിക്ക് സമീപത്തും സമാനമായി സൈനികരും ഉപകരണങ്ങളും എത്തിയിട്ടുണ്ട്. ഇവിടെ പീരങ്കിപ്പടയും ക്യാംപ് ചെയ്യുന്നുണ്ട്. ക്രിമിയൻ ഉപദ്വീപിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള സ്ലാവ്നെ നഗരത്തിന് സമീപത്തും പുതിയ വിന്യാസം കണ്ടെത്തിയിട്ടുണ്ട്.