കുവൈറ്റ്: 2022 മാർച്ച് മാസത്തോടെ രാജ്യത്തേക്ക് ഫാമിലി, ടൂറിസം വിസകളിൽ യാത്രികർക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം വിസകൾ അനുവദിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായി ആഭ്യന്തര മന്ത്രാലയം ചർച്ചകൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.
പ്രവാസികൾക്ക് എല്ലാത്തരം വിസകളും അനുവദിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിരുന്നെങ്കിലും, കൊറോണ വൈറസ് പശ്ചാത്തലത്തിൽ പ്രവാസികളുടെ അടുത്ത കുടുംബാംഗങ്ങൾക്ക് ആർട്ടിക്കിൾ 22 പ്രകാരമുള്ള ആശ്രിത, അല്ലെങ്കിൽ ഫാമിലി വിസ, ആർട്ടിക്കിൾ 14 പ്രകാരമുള്ള വാണിജ്യ, ടൂറിസ്റ്റ് വിസിറ്റ് വിസ എന്നിവ നിബന്ധനകളോടെ, വളരെ പരിമിതമായ അളവിൽ മാത്രമാണ് കുവൈറ്റ് ഒരു വർഷമായി നൽകുന്നത്. ഈ നിയന്ത്രണം ഒഴിവാക്കുന്നതിനും, ഇത്തരം വിസകൾ അർഹതയുള്ള എല്ലാവർക്കും അനുവദിക്കുന്നതിനുമുള്ള സാധ്യതകളെക്കുറിച്ചാണ് കുവൈറ്റ് ഇപ്പോൾ ആലോചിക്കുന്നത്.