കൊല്ലം: സംസ്ഥാന പോലീസ് മേധാവിയുടെ എക്സലന്റ് അവാര്‍ഡ് കരസ്ഥമാക്കി സിറ്റി ശ്വാനസേന (കെ-9 സ്ക്വാഡ്). സിറ്റി കെ-9 സ്ക്വാഡിലെ ലാബ് ഇനത്തിൽപെട്ട രേണു, റീന, ഹണ്ടര്‍ എന്നീ ശ്വാനന്മാരാണ് സംസ്ഥാന പോലീസ് മേധാവിയുടെ മികച്ച പോലീസ് നായകള്‍ക്കുള്ള മൂന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. 2018 മുതല്‍ 2021 കാലഘട്ടത്തിലെ മികച്ച പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്.
ഇവയെ കൂടാതെ രണ്ട് വയസ്സുള്ള ചിപ്പിപ്പാറ ഇനത്തിൽപെട്ട പൊന്നി, ബല്‍ജിയം മാലിനോയിസ് ഇനത്തിൽപെട്ട സാക്ഷ എന്നീ ശ്വാനന്മാരും കഴിഞ്ഞ ദിവസം കെ-9 സംഘത്തില്‍ ചേര്‍ന്ന ബല്‍ജിയം മാലിനോയിസ് ഇനത്തിൽപെട്ട റോണിയുമാണ് സിറ്റി കെ-9 സ്ക്വാഡിലുള്ളത്. അജേഷ്, ശ്രീകുമാര്‍, അനീഷ്, മനോജ്കൃഷ്ണന്‍, റോബിന്‍സണ്‍, വിനോദ്, ശ്രീജു, സുമിത്ത്, ഉണ്ണി, നിഖില്‍, ഷിബു, ജിത്തു എന്നിവരാണ് കെ-9 സ്ക്വാഡിലെ പരിശീലകര്‍.
അവാര്‍ഡിനര്‍ഹരായ എട്ടുവയസ്സുകാരി രേണു സ്ഫോടക വസ്തുക്കള്‍ മണത്ത് കണ്ടുപിടിക്കുന്നതിലും, ആറ് വയസ്സുകാരൻ ഹണ്ടര്‍ ലഹരി ഉൽപന്നങ്ങള് കണ്ടെത്തുന്നതിലുമാണ് മികവ് തെളിയിച്ചിരിക്കുന്നത്. എട്ടുവയസ്സുകാരി റീന ട്രാക്കര്‍ ഇനത്തിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തൃശൂര്‍ രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അവാര്‍ഡുകള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തില്‍നിന്ന് സിറ്റി കെ-9 സ്ക്വാഡ് ഏറ്റുവാങ്ങിയത്.
അവാര്‍ഡ് നിറവില്‍ തിരിച്ചെത്തിയ ശ്വാനന്മാരെ ജില്ല പോലീസ് മേധാവി ടി നാരായണന് ജില്ല പോലീസ് ആസ്ഥാനത്തുവെച്ച് അഭിനന്ദിച്ചു. ചടങ്ങില്‍ അഡീഷനൽ എസ് പി ജോസി ചെറിയാന്, സി ബ്രാഞ്ച് എ സി പി സോണി ഉമ്മന്‍ കോശി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.