ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനങ്ങളുമായി കോൺഗ്രസിന്റെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയും നിലവിലെ മുഖ്യമന്ത്രിയുമായ ചരൺജിത് സിംഗ് ചന്നി. ബ്രിട്ടീഷുകാർ ഇന്ത്യയെ കൊള്ളയടിച്ചത് പോലെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും പ്രവർത്തകരും പഞ്ചാബ് കൊള്ളയടിക്കാനാണ് വന്നതെന്ന് ചന്നി ആരോപിച്ചു.
കൂടാതെ കെജ്രിവാൾ തനിക്കെതിരെ നിരവധി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതായും ചന്നി പറഞ്ഞു. അനധികൃത ഖനന കേസിൽ ചന്നിക്ക് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് കെജ്രിവാളിനെതിരെ വിമർശനങ്ങളുമായി അദ്ദേഹം രംഗത്ത് വന്നത്. “കെജ്രിവാൾ നുണയനാണ്… എനിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചു, പക്ഷേ ഒന്നും സത്യമായിരുന്നില്ല… എനിക്കെതിരെ ഗവണർക്ക് പരാതി നൽകിയെങ്കിലും സത്യം ജയിച്ചു.”- ചന്നി പറഞ്ഞു.
കെജ്രിവാളിനെയും എഎപി നേതാക്കളെയും രാജ്യത്തെ ബ്രിട്ടീഷ് ഭരണത്തോട് താരതമ്യപ്പെടുത്തിയ ചന്നി, എഎപി വന്നിരിക്കുന്നത് പഞ്ചാബിനെ “കൊള്ളയടിക്കനാണെന്നും” ആരോപിച്ചു. കെജ്രിവാൾ നുണകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ രൂപീകരിക്കുന്നതെന്നും ചരൺജിത് സിംഗ് ചന്നി കൂട്ടിച്ചേർത്തു. ചാംകൗർ സാഹിബിന് സമീപമുള്ള ജിന്ദാപൂർ ഗ്രാമത്തിലെ അനധികൃത ഖനനത്തിൽ ചന്നിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എഎപി സംസ്ഥാന ഇൻചാർജ് രാഘവ് ഛദ്ദ പഞ്ചാബ് ഗവർണർ ബൻവാരി ലാൽ പുരോഹിതിന് മെമ്മോറാണ്ടം നൽകിയിരുന്നു. ഇതിനു പിന്നാലെ, ഗവർണർ ഡിജിപിയോട് ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ ആരോപണത്തിലാണ് റോപ്പർ ജില്ലാ ഭരണകൂടവും പോലീസും ചന്നിക്ക് ക്ലീൻ ചിറ്റ് നൽകിയത്.