പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിപ്പോയ ബാബുവിന്റെ രക്ഷാപ്രവർത്തനത്തിൽ അഗ്നി രക്ഷാ വിഭാഗത്തിന് വീഴ്ച ഉണ്ടായതായി ആരോപണം. പാലക്കാട് ജില്ലാ അഗ്നി രക്ഷാ ഓഫീസർക്ക്, ഫയർ ആന്റ് റെസ്ക്യൂ ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. യുവാവ് മലയിൽ കുടുങ്ങിക്കിടക്കുന്നത് യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല, സാങ്കേതിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ ആരോപണങ്ങളാണ് നോട്ടീസിൽ ഉള്ളത്.
ഇക്കാര്യങ്ങളിലാണ് അഗ്നി രക്ഷാ ഓഫീസർ ഋതീജിനോട് വിശദീകരണം തേടിയത്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയായിരുന്നു അവസാനിച്ചത്. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ചയാണ് ബാബുവിനെ വീട്ടിലെത്തിച്ചത്. അതേ സമയം, ബാബുവിനെ പുറത്തെത്തിക്കാൻ സംസ്ഥാന ഖജനാവില്‍ നിന്ന് മുക്കാല്‍ കോടിയോളം ചെവലാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ കണക്കുകൾ.

















